ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചത് അയൽക്കാരുടെ പരാതിയെ തുടർന്ന്; ന്യായീകരിച്ച് യുപി സർക്കാർ
''വീട് വെൽഫെയർ പാർട്ടി ഓഫീസായി ഉപയോഗിച്ചിരുന്നു''
ഡൽഹി: വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ പ്രയാഗ്രാജിലെ വീട് പൊളിച്ചതിൽ ന്യായീകരണവുമായി യുപി സർക്കാർ. അയൽക്കാരുടെ പരാതിയെ തുടർന്നാണ് വീട് പൊളിച്ചതെന്നും വീട് വെൽഫെയർ പാർട്ടി ഓഫീസായി ഉപയോഗിച്ചിരുന്നു എന്നുമാണ് വിശദീകരണം. വീടിന് പുറത്ത് പാർട്ടിയുടെ ബോർഡ് ഉണ്ടായിരുന്നെന്നും കെട്ടിടം വീടായി ഉപയോഗിച്ചിരുന്നില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. വീട് പൊളിച്ചതിനെതിരെ ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ അലഹബാദ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ അറിയിച്ചത്.
പ്രദേശവാസികളായ സർഫ്രാസ്, മുഹമ്മദ് അസം, നൂർ അലം എന്നിവരുടെ പരാതി പ്രകാരമാണ് നടപടി എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇവരുടെ വിലാസമോ ബന്ധപ്പെടാനുള്ള നമ്പറോ സത്യാവാങ്മൂലത്തിൽ നൽകിയിട്ടില്ല. മേഖലയിൽ നിന്നുള്ള ആളുകൾ എന്നുമാത്രമാണ് പറയുന്നത്. എന്നാൽ, പ്രദേശത്ത് ഒരു ദേശിയ മാധ്യമം ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ചില വീടുകൾ സർക്കാരിനെ ഭയമായതിനാൽ മറുപടിയില്ലെന്ന് അറിയിക്കുകയും 15 വീട്ടുകാർ സത്യാവാങ്മൂലത്തിൽ പറയുന്ന പരാതിക്കാരെ അറിയില്ലെന്ന് മാധ്യമത്തോട് പറയുകയും ചെയ്തു. മറുപടി സത്യാവാങ്മൂലം ഉടൻ നൽകുമെന്ന് ജാവേദിന്റെ അഭിഭാഷകൻ കെ കെ റോയ് അറിയിച്ചു.
പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ ജൂൺ 12നാണ് പൊളിച്ചുനീക്കിയത്.
Adjust Story Font
16