Quantcast

‘അഞ്ച് കോടിയുടെ ക്വട്ടേഷൻ’; കൊൽക്കത്തയിൽ ബംഗ്ലാദേശ് എം.പിയെ കൊന്നത് ഹണി ട്രാപ്പിൽ കുടുക്കി

എം.പിയുടെ അമേരിക്കയിലുള്ള സുഹൃത്താണ് ക്വട്ടേഷൻ നൽകിയത്

MediaOne Logo

Web Desk

  • Published:

    24 May 2024 12:42 PM GMT

‘അഞ്ച് കോടിയുടെ ക്വട്ടേഷൻ’; കൊൽക്കത്തയിൽ ബംഗ്ലാദേശ് എം.പിയെ കൊന്നത് ഹണി ട്രാപ്പിൽ കുടുക്കി
X

കൊൽക്കത്ത: ബംഗ്ലാദേശ് എം.പി അൻവാറുൽ അസിം അൻവറിനെ പ്രതികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി. ശരീരത്തിലെ മുഴുവൻ തൊലിയുരിയുകയും എല്ലുകൾ തകർക്കുകയും ചെയ്തതായി കേസ് അന്വേഷിക്കുന്ന പശ്ചിമ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സി.ഐ.ഡി) അറിയിച്ചു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കൊൽക്കത്തയുടെ പലയിടത്തായി വലിച്ചെറിയുകയും ചെയ്തു. പ്രധാന പ്രതിയെ മുംബൈയിൽ നിന്ന് സി.ഐ.ഡി സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

54കാരനായ അൻവാറുൽ അസിം ചികിത്സക്കായി മെയ് 12നാണ് ​കൊൽക്കത്തയിലെത്തുന്നത്. ആദ്യ ദിവസം സുഹൃത്ത് ഗോപാൽ ബിശ്വാസിനൊപ്പമായിരുന്നു താമസം. മേയ് 13ന് ഡോക്ടറെ കാണാൻ പോയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. മെയ് 17 വരെ യാതൊരു വിവരവുമുണ്ടായിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടർന്ന് ഗോപാൽ ബിശ്വാസ് പരാതി നൽകി.

കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ന്യൂ ടൗണിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് അവസാനമായി ഇദ്ദേഹത്തെ കണ്ടത്. ഇവിടെ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.

സംഭവത്തിൽ പ്രഫഷനൽ വാടക കൊലയാളി ജിഹാദ് ഹവ്‍ലാദാറാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്. മുംബൈയിൽ താമസിച്ച് വരികയായിരുന്ന ഇയാൾ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട എം.പിയുടെ സുഹൃത്തും യു.എസ് പൗരനുമായ അക്തറുസ്സമാൻ ഷാഹിനാണ് ഹവ്ലാദാറിന് ക്വട്ടേഷൻ നൽകുന്നത്. അഞ്ച് കോടിയാണ് ഇതിനായി പ്രതിഫലം നൽകിയത്.

ഹവ്‍ലാദാർ രണ്ട് മാസം മുമ്പ് തന്നെ കൊൽക്കത്തയിൽ എത്തിയതായി പൊലീസ് പറയുന്നു. താനും മറ്റു നാല് ബംഗ്ലാദേശി പൗരൻമാരും ചേർന്ന് ന്യൂ ടൗൺ ഏരിയയിലെ ഫ്ളാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഹവ്ലാദർ സമ്മതിച്ചു. അക്തറുസ്സമാൻ്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം തിരിച്ചറിയാതിരിക്കാനായി പ്രതികൾ ഫ്ലാറ്റിൽ വെച്ച് ശരീരത്തിലെ മുഴുവൻ തൊലിയുരിക്കുകയും മാംസം അരിഞ്ഞെടുക്കുകയും ചെയ്തു. എല്ലുകൾ മുറിച്ച് കഷ്ണങ്ങളാക്കി. മൃതദേഹത്തിന്റെ ഭാഗങ്ങൾ നിരവധി പ്ലാസ്റ്റിക് പാക്കറ്റുകളിലേക്ക് മാറ്റി. തുടർന്ന് കൊലയാളികൾ കൊൽക്കത്തയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത വാഹനങ്ങളിലായി സഞ്ചരിക്കുകയും പാക്കറ്റുകൾ വലിച്ചെറിയുകയും ചെയ്തു.

അൻവാറുൽ അസിമിനെ ഹണി ട്രാപ്പിലൂടെയാണ് കൊൽക്കത്തയിൽ എത്തിച്ചതെന്നും വിവരമുണ്ട്. മുഖ്യപ്രതിയായ അക്തറുസ്സമാൻ ഷാഹിന്റെ പെൺസുഹൃത്ത് ശീലന്തി റഹ്മാനെയാണ് ഇതിന് ഉപയോഗിച്ചത്. അൻവാറുൽ കൊല്ലപ്പെട്ട ദിവസം ശീലന്തിയും കൊൽക്കത്തയിലുണ്ടായിരുന്നുവെന്നും സി.ഐ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.

മെയ് 15ന് കൊലയാളിയെന്ന് സംശയിക്കുന്ന അമാനുല്ല അമാന്റെ കൂടെ ഇവർ ധാക്കയിലേക്ക് മടങ്ങി. ശീലന്തിയെ ധാക്ക പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം എന്താണെന്ന് ഇതുവരെ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് സൂചനയുണ്ട്. എം.പിയുടെ സുഹൃത്ത് അക്തറുസ്സമാൻ നിലവിൽ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ല. ഇ​യാൾ അമേരിക്കയിലാകാമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

എം.പിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഫ്ലാറ്റ് സംസ്ഥാന സർക്കാർ ജീവനക്കാരനായ ഉടമ അക്തറുസ്സമാന്റെ സുഹൃത്തിന് വാടകക്ക് നൽകിയതാണ്. രണ്ടുപേർ വലിയ സ്യൂട്ട്കേസുമായി ഫ്ലാറ്റിൽ നിന്ന് ഇറങ്ങിവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ഫ്ലാറ്റിൽ നിന്ന് പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ എം.പിയാണ് കൊല്ലപ്പെട്ട അൻവാറുൽ അസിം. മൂന്ന് തവണ ഇദ്ദേഹം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

TAGS :

Next Story