Quantcast

ബി.ജെ.പിയുടെ തോൽവി: മുസ്‍ലിം വേഷത്തിലെത്തി അയോധ്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ

അയോധ്യയിലെ ഹിന്ദുക്കളെ ഹിജഡകളെന്ന് വിശേഷിപ്പിച്ച് പ്രമുഖ യൂട്യൂബർ

MediaOne Logo

Web Desk

  • Published:

    8 Jun 2024 1:29 PM GMT

dhirendra_raghav
X

ലഖ്നൗ: അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി പരാജയപ്പെട്ടതിന് പിന്നാലെ മുസ്‍ലിം വേഷത്തിലെത്തി ഹിന്ദുക്കളെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ. ഉത്തർ പ്രദേശുകാരനായ ധീരേന്ദ്ര രാഘവ് എന്നയാളാണ് അറസ്റ്റിലായത്. ന്യൂ ആഗ്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസൗഹാർദം തകർക്കുക, വിദ്വേഷം പ്രചാരണം തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് അറസ്റ്റ്.

കഴിഞ്ഞദിവസമാണ് വിഡിയോ സന്ദേശത്തിലൂടെ ഇയാൾ ഹിന്ദുക്കളെ അധിക്ഷേപിച്ചത്. മുസ്‍ലിംകൾ ഉപയോഗിക്കുന്ന തൊപ്പിയടക്കം ഇയാൾ ധരിച്ചിരുന്നു. രാമക്ഷേത്രം നിർമിച്ച് നൽകിയിട്ടും ബി.ജെ.പിയെ ജയിപ്പിക്കാത്ത അയോധ്യയിലെ ഹിന്ദു വോട്ടർമാർക്കെതിരെ വളരെ മോശം പരാമർശങ്ങളാണ് ഇദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ അനുഗ്രങ്ങളെ മറന്ന ജനങ്ങളെ അദ്ദേഹം ഇരട്ടമുഖമുള്ളവരാണെന്ന് വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധി അധികാരത്തിലെത്തിയിരുന്നെങ്കിൽ മുസ്‍ലിംകൾക്ക് സംവരണം നൽകുമായിരു​ന്നെന്നും വിഡിയോയിൽ പറയുന്നുണ്ട്.

ഒരു നേതാവ് നമുക്കായി പള്ളി പണിതിരുന്നുവെങ്കിൽ നമ്മൾ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് വോട്ട് ചെയ്യും. പക്ഷെ, നിങ്ങൾക്കായി രാമക്ഷേത്രം നിർമിച്ചിട്ടും മോദിക്ക് നിങ്ങൾ വോട്ട് ചെയ്തില്ലെന്നും ധീരേന്ദ്ര രാഘവ് കുറ്റപ്പെടുത്തുന്നു. നേരത്തേ ഇയാൾ ബി.ജെ.പിയെ അനുകൂലിച്ച് നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫൈസാബാദിലെ തോൽവിക്ക് പിന്നാലെ ഹിന്ദുക്കളെ അധിക്ഷേപിച്ച് ഇത്തരത്തിൽ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. രാജസ്താനിൽനിന്നുള്ള പ്രമുഖ യൂട്യൂബറും ബി.ജെ.പി പ്രവർത്തകനുമായ പവൻ സാഹുവും അയോധ്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ചതായി പരാതിയുണ്ട്. മറ്റു ഹിന്ദുക്കളെ എതിർക്കുന്ന ഹിജഡകളാണ് അയോധ്യയിലുള്ളതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറയുന്നു. ഹിന്ദുക്കളായിരുന്നിട്ടും നിങ്ങൾ ഹിന്ദുക്കളെ എതിർത്തു. രണ്ട് രൂപ മാത്രം വിലയുള്ള ഹിന്ദുക്കളായ നിങ്ങൾ എങ്ങനെ ജീവിതവും ധർമവും സംരക്ഷിക്കണമെന്ന് സിഖുകാരിൽനിന്നും മുസ്‍ലിംകളിൽനിന്നും പഠിക്കണം. എന്റെ പ്രസ്താവന കാരണം ഹിന്ദു ​സഹോദരങ്ങൾ വേദനിക്കുന്നുണ്ടാകും. എന്നോട് ക്ഷമിക്കൂ, എനിക്ക് സ്വയം നി​യന്ത്രിക്കാനാകുന്നില്ല. നിങ്ങൾ എന്നോട് യോജിക്കുന്നുണ്ടെങ്കിൽ താഴെ കമന്റ് ചെയ്യൂ. ഇനി നിങ്ങൾ യോജിക്കുന്നില്ലെങ്കിലും ശ്രീരാമന്റെ പേരായിരിക്കും എപ്പോഴും മുകളിലെന്നും പവൻ സാഹു പറഞ്ഞു.

യൂട്യൂബിൽ 25 മില്യൺ സബ്സ്ക്രൈബേഴ്സുള്ള ഇൻഫ്ലുവൻസറാണ് ഇയാൾ. രാജസ്താൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. പവൻ സാഹുവിനെതിരെ കേസെടുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്ട്ര സി.പി.എം ആവശ്യപ്പെട്ടു.

രാമാനന്ദ് സാഗറിന്റെ ടി.വി ഷോയായ രാമായണത്തിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്‌രിയും അയോധ്യയിലെ തോൽവിയിൽ നിരാശ പങ്കുവച്ചിരുന്നു. അയോധ്യയിലെ ജനങ്ങളെ സ്വാർത്ഥരെന്ന് വിളിച്ച ലാഹ്‌രി രാമക്ഷേത്രം നിർമിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബി.ജെ.പിയെ മണ്ഡലത്തിൽ തെരഞ്ഞെടുക്കാത്തതിന് വോട്ടർമാരെ ആക്ഷേപിക്കുകയും ചെയ്തു. 'വനവാസത്തിൽ നിന്ന് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യയിലെ പൗരന്മാരാണെന്ന് ഞങ്ങൾ മറന്നു. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാർത്ഥർ. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചു എന്നതിന് ചരിത്രം തെളിവാണ്. അവരെയോർത്ത് ലജ്ജ തോന്നുന്നു' -ലാഹ്‌രി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണ വിഷയമായിരുന്നു ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം. നിർമാണം പൂർത്തിയാകും മുമ്പ് തന്നെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയർത്തിക്കാട്ടി ബി.ജെ.പി നേതാക്കൾ വോട്ട് തോടി. ഇതോടൊപ്പം പ്രതിപക്ഷത്തിന് നേരെ വിദ്വേഷ പ്രചാരണം നടത്താനും രാമ​ക്ഷേത്രത്തെ ഉപയോഗിച്ചു. കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കുമെന്ന് വരെ മോദി ​പ്രസംഗിച്ചു.

എന്നാൽ, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‍വാദി പാർട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

TAGS :

Next Story