മനീഷ് സിസോദിയയെ മർദ്ദിച്ച പൊലീസുകാരൻ തന്നോടും മോശമായി പെരുമാറി; അരവിന്ദ് കെജ്‌രിവാൾ
ആരോപണം മനീഷ് സിസോദിയയുടെ കഴുത്തിന് പിടിച്ച് തള്ളിയ എ കെ സിങിനെതിരെ
ന്യൂഡൽഹി: അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി വളപ്പിൽ വച്ച് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ തന്നോടും മോശമായി പെരുമാറിയെന്ന് അരവിന്ദ് കെജ്‌രിവാൾ. തന്റെ സുരക്ഷാ വലയത്തിൽ നിന്നും ഈ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി റോസ് അവന്യൂ കോടതിയിൽ കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷയിലൂടെയാണ് ഈ വാർത്ത പുറത്തുവരുന്നത്.
റിമാൻഡ് അപേക്ഷയിൽ വാദം കേൾക്കാനായി കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷനർ എ കെ സിങ് തന്നോട് മോശമായി പെരുമാറിയതെന്ന് കെജ്‌രിവാൾ കുറിച്ചു. ഏത് രീതിയിലാണ് കെജ്‌രിവാളിനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതെന്ന് അപേക്ഷയിൽ വിവരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം മനീഷ് സിസോദിയയോട് ഇതേ കോടതിവളപ്പിൽ വച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചപ്പോൾ, സിസോദിയയുടെ കഴുത്തിന് പിടിച്ച് തള്ളി എന്ന ആരോപണം നേരിട്ട പൊലീസുകാരനാണ് എ കെ സിങ്. സംഭവത്തിൽ വിഡിയോ ദൃശ്യങ്ങളുടെ പിന്തുണയോടെ സിസോദിയ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പ്രതി മാധ്യമങ്ങൾക്ക് മൊഴി നൽകുന്നത് നിയമവിരുദ്ധമാണെന്നും ഇത് തടയാനാണ് ശ്രമിച്ചതെന്നുമായിരുന്നു അന്ന് പൊലീസ് മറുപടി നൽകിയത്.
ഇതിനിടെ മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. കെജ്‌രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.
Adjust Story Font
16