മധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എയുടെ ഔദ്യോഗിക വസതിയിൽ മോഷണം; പണം കവർന്നു
സംഭവത്തിൽ ബി.ജെ.പി സർക്കാരിനും പൊലീസിനുമെതിരെ പിതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തി.
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എയുടെ ഔദ്യോഗിക വസതിയിൽ കവർച്ച. രഘോഗഢ് എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ മകനുമായ ജയ്‌വർധൻ സിങ്ങിന്റെ ചാർ ഇംലി പ്രദേശത്തെ ബംഗ്ലാവിലാണ് മോഷ്ടാവ് കയറിയത്. വീട്ടിൽ നിന്ന് 12,000ത്തിലേറെ രൂപ കവർന്നു.
'ആഗസ്റ്റ് 13നാണ് ഡി-21 ബംഗ്ലാവിൽ മോഷണം നടന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. എം.എൽ.എയുടെ സ്റ്റാഫ് താമസിച്ച മുറിയുടെ പൂട്ട് തകർത്തിരുന്നു. അലമാരയിലെ ബ്രീഫ്കേസിൽ വച്ചിരുന്ന 12,000- 15,000 രൂപ മോഷണം പോയിട്ടുണ്ട്'- ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജയ് കുമാർ സോനി പറഞ്ഞു.
ഫോറൻസിക് ടീമിൻ്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രദേശത്തുള്ള ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് ഇൻസ്പെക്ടർ വ്യക്തമാക്കി.
സംഭവത്തിൽ ബി.ജെ.പി സർക്കാരിനും പൊലീസിനുമെതിരെ പിതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തി. പൊലീസ് സ്റ്റേഷനുകളിൽ ലേലം വിളി നടക്കുമ്പോൾ ഇതൊക്കെ സംഭവിക്കും. ജയ്‌വർധൻ സിങ്ങിൻ്റെ സർക്കാർ വസതിയിലാണ് മോഷണം നടന്നത്. ഭോപ്പാൽ പൊലീസ് കമ്മീഷണറിൽ നിന്ന് എന്ത് നടപടിയാണ് പ്രതീക്ഷിക്കേണ്ടത്"- അദ്ദേഹം ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ 14-ാം വിധാൻസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ജയ്‌വർധൻ സിങ്. മുൻ കമൽനാഥ് സർക്കാരിൽ നഗരവികസന- പാർപ്പിട മന്ത്രിയായിരുന്ന അദ്ദേഹം മധ്യപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രിയുമാണ്.
Adjust Story Font
16