Quantcast

ഒറ്റ ദിവസം ക്രിസ്ത്യാനികൾക്കെതിരെ 13 വർഗീയ ആക്രമണങ്ങൾ; ഉത്തരേന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് റിപ്പോർട്ട്

ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യുടെ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിലാണ് ഇതേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

MediaOne Logo

Web Desk

  • Published:

    16 Oct 2021 9:46 AM GMT

ഒറ്റ ദിവസം ക്രിസ്ത്യാനികൾക്കെതിരെ 13 വർഗീയ ആക്രമണങ്ങൾ; ഉത്തരേന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് റിപ്പോർട്ട്
X

ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ഒരു ദിവസം മാത്രം 13 വർഗീയ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ഈ മാസം മൂന്നാം തിയ്യതിയാണ് സംഘപരിവാർ അടക്കമുള്ള തീവ്ര ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നത്. ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യുടെ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിലാണ് ഇതേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഒക്ടോബർ മൂന്നിന് നടന്ന അക്രമങ്ങൾ:

ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിലെ നസീറാബാദിൽ പ്രാർഥനക്കായി ഒരു വീട്ടിൽ ഒത്തുകൂടിയ ക്രൈസ്തവ വിശ്വാസികളായ 30 പേരെ ഹിന്ദുത്വവാദികൾ അതിക്രമിച്ച് കയറി മർദിച്ചു. അക്രമത്തിനിരയായവർ പൊലീസിനെ വിളിച്ചു. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്കൊപ്പം നിന്ന് പ്രാർഥനക്ക് നേതൃത്വം നൽകിയ പാസ്റ്ററെ കസ്റ്റഡിയിലെടുത്ത് പനിയറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.

മഹാരാജ് ഗഞ്ചിൽ തന്നെ പാസ്റ്റർ ശ്രീനിവാസ് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനായോഗവും അക്രമികൾ തടഞ്ഞു. സംഭവത്തിൽ ക്രിസ്ത്യൻ പെൺകുട്ടിക്ക് മർദനമേറ്റു.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിലെ ജാൻപൂരിൽ പാസ്റ്റർ പ്രേം സിങ് ചൗഹാനെ അറസ്റ്റ് ചെയ്തതും ഇതേ ദിവസമായിരുന്നു.

ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട ഹാഥ്‌റസ് ജില്ലയിലായിരുന്നു അടുത്ത സംഭവം. ഇവിടെ ഹസൻപൂർ ബാരു ഗ്രാമത്തിലെ പാസ്റ്റർ സൂരജ് പാലിനെ നിർബന്ധിത മതപരിവർത്തന നിയമപ്രകാരം സദാബാദിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഏറെ നേരം ചോദ്യം ചെയ്‌തെങ്കിലും ആരോപണങ്ങൾ തെളിയിക്കപ്പെടാത്തതിനാൽ പാസ്റ്ററെ വിട്ടയച്ചു.

ഉത്തർപ്രദേശിലെ തന്നെ ബിജ്‌നൂറിലെ ചക് ഗോർധൻ ഗ്രാമത്തിൽ ഞായറാഴ്ച പ്രാർത്ഥനക്ക് നേതൃത്വം നൽകി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാസ്റ്റർ ദിനേശിനെ പോലീസുകാർ അകാരണമായി തടഞ്ഞു വെച്ചു. അടുത്ത ദിവസം പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്.

ഉത്തർപ്രദേശിലെ അസംഗഡിൽ പാസ്റ്റർ നന്ദു നഥാനിയേലിനെയും ഭാര്യയെയും ആരാധനാലയത്തിന് സമീപം താമസിക്കുന്ന ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡിലാണ് അടുത്ത അക്രമം. കുസുമി ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികൾ രണ്ടുതവണയായാണ് ആക്രമണത്തിന് ഇരയായത്. ചാപ്പലായി ഉപയോഗിച്ചിരുന്ന ചെറിയ മുറിയിൽ കയറിയ അക്രമിസംഘം അത് നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന പന്ത്രണ്ടുകാരനെ അടിക്കുകയും ചെയ്തു.

ഛത്തീസ്ഗഡിലെ തന്നെ ഭിലായിയിൽ നിയമവിരുദ്ധമായ രീതിയിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്റർ സന്തോഷ് റാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹരിയാനയിലെ കർണാലിൽ, സ്ത്രീ ഉൾപ്പെടെ 30ഓളം വിശ്വാസികളെ ഞായറാഴ്ച പ്രാർഥനക്കിടെ സംഘ്പരിവാർ സംഘം ആക്രമിച്ചു. അവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ആരാധന നടന്ന വീട് കൊള്ളയടിക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഞായറാഴ്ച പ്രാർത്ഥനക്കായി ഒത്തുകൂടിയ 15 വിശ്വാസികളെ അഞ്ഞൂറോളം വരുന്ന അക്രമിസംഘമാണ് മർദിച്ചത്. സ്ത്രീകളെയും പുരുഷന്മാരെയും സംഘം ആക്രമിച്ചു. അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ രജത് കുമാർ എന്നയാളുടെ നില ഗുരുതരമാണ്.

ഉത്തരാഖണ്ഡിലെ ജ്വാലാപൂരിൽ, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് പ്രാർഥനയോഗം തടസ്സപ്പെടുത്തുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ വിശ്വാസികൾ ഭയചകിതരാണെന്നും പരാതി നൽകിയിട്ടില്ലെന്നും പാസ്റ്റർ വിപിൻ കുമാർ പറഞ്ഞു.

മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാരോപിച്ച് സംഘർഷം സൃഷ്ടിച്ചു.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ അസോള ഫത്തേപ്പൂർ ബെറിയിൽ പാസ്റ്റർ സന്തോഷ് ഡാൻ എന്ന പുരോഹിതനെ 12 അംഗസംഘം വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി. ആളുകളെ നിയമവിരുദ്ധമായ വഴികളിലൂടെ മതം മാറ്റാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഒരു കാരണവശാലും ഹിന്ദുക്കളെ പാസ്റ്ററുടെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് താക്കീത് നൽകിയാണ് അവർ മടങ്ങിയത്.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളാണ് ഇവയെന്നും ഇതിനേക്കാൾ കൂടുതലാണ് യഥാർഥ കണക്കെന്നും ഇ.എഫ്.ഐ വ്യക്തമാക്കി. യു.പി ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പാക്കിയ പുതിയ മതപരിവർത്തന നിരോധന നിയമമാണ് അക്രമങ്ങൾക്ക് പ്രചോദനം. ഈ വർഷം ജൂൺ മുതലാണ് ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ തീവ്രത കൈവരിച്ചതെന്നും മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.


TAGS :

Next Story