Quantcast

ഇന്ത്യയിൽ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയമാണിത്: പ്രധാനമന്ത്രി

"ഇന്ത്യ നയങ്ങൾ രൂപീകരിക്കുന്നു. അടുത്ത 25 വർഷത്തെ ലക്ഷ്യങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നു"

MediaOne Logo

Web Desk

  • Published:

    18 Jan 2022 3:36 AM GMT

ഇന്ത്യയിൽ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയമാണിത്: പ്രധാനമന്ത്രി
X

ഇന്ത്യയിൽ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാൻ രാജ്യം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) അഞ്ച് ദിവസത്തെ ഓൺലൈൻ 'ദാവോസ് അജണ്ട' ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യൻ യുവാക്കളുടെ സംരംഭകത്വത്തെയും പുതിയ സാങ്കേതികവിദ്യകള്‍ ആര്‍ജിക്കാനുള്ള കഴിവിനെയും കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു- "നിങ്ങളുടെ ബിസിനസും ആശയങ്ങളും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ യുവാക്കൾ തയ്യാറാണ്. 2014ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത നൂറ് സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നിരിക്കാം. 2021ൽ 60,000ത്തിലധികം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യ ലോകത്തിന് പ്രതീക്ഷയുടെ പൂച്ചെണ്ട് വാഗ്ദാനം ചെയ്യുന്നു. അതിൽ ജനാധിപത്യത്തിലുള്ള നമ്മുടെ വിശ്വാസം ഉൾപ്പെടുന്നു. അതിൽ നമ്മുടെ സാങ്കേതികവിദ്യയും കഴിവുമെല്ലാം ഉൾപ്പെടുന്നു".

സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ നൂതനാശയങ്ങൾ, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പോലുള്ള സാങ്കേതികവിദ്യകളോടുള്ള ദ്രുതഗതിയിലുള്ള പൊരുത്തപ്പെടുത്തൽ, ആരോഗ്യ സേതു - കോവിൻ തുടങ്ങിയ സാങ്കേതിക പരിഹാരങ്ങൾ, രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നികുതി പരിഷ്‌കാരങ്ങൾ എന്നിവ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പർമാരെ അയയ്‌ക്കുന്നതില്‍ റെക്കോർഡിട്ടുവെന്നും മോദി പറഞ്ഞു.

"ഞങ്ങൾ ശരിയായ ദിശയിലുള്ള പരിഷ്കാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഗോള സാമ്പത്തിക വിദഗ്ധർ ഇന്ത്യയുടെ തീരുമാനങ്ങളെ പ്രശംസിച്ചു, ലോകത്തിന്റെ അഭിലാഷങ്ങൾ ഇന്ത്യയിൽ നിന്ന് ഞങ്ങൾ നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ ഇന്ന് നയങ്ങൾ രൂപീകരിക്കുന്നു. അടുത്ത 25 വർഷത്തെ ലക്ഷ്യങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നു"- പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനമെന്ന വിഷയത്തിലെ ഇന്ത്യയുടെ പ്രതിബദ്ധതയും ഹരിതവും സുസ്ഥിരവുമായ ഭാവിക്കായി സർക്കാർ സ്വീകരിക്കുന്ന നടപടികളും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.. കൂടുതൽ കാലാവസ്ഥാ ബോധ്യമുള്ള ജീവിതശൈലീ മാറ്റത്തിന്‍റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

വ്യവസായ സമൂഹത്തെ ആകർഷിക്കുന്ന സര്‍ക്കാരിന്‍റെ നിരവധി സംരംഭങ്ങൾ കാരണം ഇന്ത്യ ഇപ്പോൾ പുതിയ, ആകർഷകമായ നിക്ഷേപ കേന്ദ്രമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആറു ലക്ഷത്തിലധികം ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിച്ചിരിക്കുന്നു. വികസനത്തിന്റെ എല്ലാ പങ്കാളികളെയും ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ, ഇന്ത്യ ദേശീയ മാസ്റ്റർപ്ലാൻ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

"അടിസ്ഥാന സൗകര്യം, വികസനം, നടപ്പാക്കൽ എന്നിവ സമന്വയിപ്പിക്കുന്ന പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റർ പ്ലാൻ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് ചരക്കുകളെയും സേവനങ്ങളെയും ആളുകളെയും തടസ്സമില്ലാതെ ബന്ധിപ്പിക്കും"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനം കാരണം രണ്ടു വര്‍ഷമായി ദാവോസ് ഉച്ചകോടി ഓണ്‍ലൈനിലാണ് നടക്കുന്നത്. ലോകനേതാക്കള്‍ ഈ പുതുവര്‍ഷത്തിലെ തങ്ങളുടെ ദര്‍ശനങ്ങള്‍ പങ്കുവെച്ച ആദ്യ വേദിയാണ് 'ദാവോസ് അജണ്ട 2022' എന്ന് വേൾഡ് ഇക്കണോമിക് ഫോറം വ്യക്തമാക്കി.

TAGS :

Next Story