Quantcast

ജയ്‌ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ​പ്രായപൂർത്തിയാകാത്ത മുസ്‍ലിം വിദ്യാർത്ഥികൾക്ക് മർദനം; പ്രതി അറസ്റ്റിൽ

പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ മർദ്ദനം നടന്ന കാര്യം കുട്ടികൾ ആരോടും പറഞ്ഞിരുന്നില്ല

MediaOne Logo

Web Desk

  • Published:

    7 Dec 2024 6:57 AM GMT

madhyapradesh, abuse, മധ്യപ്രദേശ്
X

ഭോപ്പാൽ: മധ്യപ്രദേശിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് മുസ്‍ലിം കുട്ടികളെ ക്രൂരമായി മർദിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളിൽ ഒരാളെയാണ് പോലീസ് ചെയ്തത്. 17കാരനായ പ്രതി ഏഴും പതിനൊന്നും പതിമൂന്നും വയസുള്ള മൂന്ന് കുട്ടികളെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

മധ്യപ്രദേശിലെ രത്‍ലാം ജില്ലയിൽ ഒന്നരമാസം മുൻപാണ് സംഭവം നടന്നത്. 2,5,6 ക്ലാസുകളിൽ പഠിക്കുന്നവരാണ് ഇരകളാക്കപ്പെട്ടത്. പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ മർദ്ദനം നടന്ന കാര്യം കുട്ടികൾ ആരോടും പറഞ്ഞിരുന്നില്ല. ‘ഒന്നര മാസം മുൻപ് ഞാനും, എന്റെ രണ്ട് കൂട്ടുകാരും അമൃത് സാഗർ തലബിനടുത്ത് കറങ്ങാൻ പോയിരുന്നു. ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ രണ്ട് പേർ വന്ന് ഞങ്ങളുടെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് ശേഷം ഞങ്ങളെ അസഭ്യം പറയാനും ഉപദ്രവിക്കാനും തുടങ്ങി. അല്ലാഹു എന്ന് വിളിക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ചു. ജയ് ശ്രീ റാം എന്ന് വിളിക്കാൻ നിർബന്ധിച്ചു. അവർ ഞങ്ങളെ ഉപദ്രവിക്കുന്ന വിഡിയോകൾ പകർത്തുകയും ചെയ്തു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു’ ഇരയായ പതിമൂന്നുകാരൻ പറഞ്ഞു.

പ്രതികളിലൊരാൾ മദ്യലഹരിയിൽ ആയിരിക്കെയാണ് വീഡിയോ സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചത്. വിഡിയോ ദൃശ്യങ്ങളിൽ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ട പ്രതിയെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ഹോമിലേക്ക് അയച്ചിട്ടുണ്ട്. വീഡിയോ പകർത്തുകയും പുറത്തുവിടുകയും ചെയ്ത പ്രതി ഒളിവിലാണ്. പ്രതിക്കായി തിരച്ചിൽ നടക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു.

വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം കുട്ടികൾ വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. ഏഴ് വയസുകാരനായ കുട്ടി വാതിൽ തുറക്കാതെ മുറിയിൽ ഇരുന്നതിനാൽ പോലീസ് എത്തിയാണ് വാതിൽ പൊളിച്ച് കുട്ടിയെ പുറത്തെത്തിച്ചത്. ഈ കുട്ടിയുടെ മാതാപിതാക്കൾ പത്ത് മാസം മുൻപ് ഒരു അപകടത്തിൽ മരിച്ചിരുന്നു. സംഭവം നടന്നതിന് ശേഷം കുട്ടികൾ സാധാരണയെക്കാൾ കൂടുതൽ ഭയത്തിലായിരുന്നുവെന്നും, വീഡിയോ പുറത്തുവന്നപ്പോൾ മാത്രമാണ് കാര്യങ്ങൾ അറിഞ്ഞതെന്നും പതിമൂന്ന്കാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടികൾ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരകളാകുന്ന ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ഇവർ കൂട്ടിച്ചേർത്തു.

TAGS :

Next Story