'ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല, കോൺഗ്രസ് ഒബിസി വിരുദ്ധ പാർട്ടി'- അമിത് ഷാ
ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. 10% സംവരണം മുസ്‌ലിംകൾക്ക് നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയുമെന്നും അമിത് ഷാ ജാർഖണ്ഡിൽ പറഞ്ഞു
ഡൽഹി: മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥ ഇല്ല. 10% സംവരണം മുസ്‌ലിംകൾക്ക് നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയും. ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും അമിത് ഷാ ജാർഖണ്ഡിൽ പറഞ്ഞു.
ജാർഖണ്ഡിലെ പായാമുവിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്ന അമിത് ഷാ കോൺഗ്രസിനെ കടന്നാക്രമിച്ചു. 'കോൺഗ്രസ് സംവരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ, നമ്മുടെ ഭരണഘടനയിൽ, മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല, ഒബിസി, ദലിത്, ആദിവാസി സംവരണ പരിധി കുറച്ചുകൊണ്ട് മുസ്‌ലിംകൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിൽ, ചില 'ഉലമ'കളുടെ (മുസ്‌ലിം പണ്ഡിതർ) ഒരു സംഘം മുസ്‌ലിംകൾക്ക് 10 ശതമാനം സംവരണം നൽകുന്നത് സംബന്ധിച്ച് ഒരു നിവേദനം കോൺഗ്രസിന് നൽകിയിരുന്നു. അവരെ സഹായിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉറപ്പ് നൽകിയിട്ടുമുണ്ട്'- അമിത് ഷാ പറയുന്നു.
ഈ രാജ്യത്ത് ബിജെപി ഉള്ളത് വരെ ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ലെന്നും രാഹുൽ ഗാന്ധിക്ക് അമിത് ഷാ മുന്നറിയിപ്പ് നൽകി. ഒബിസികൾക്കും ദലിതർക്കും ഗോത്രവർഗക്കാർക്കും സംവരണം നൽകിയത് അംബേദ്‌കർ ആണ്. കോൺഗ്രസിന് അതിനോട് അനാദരവ് കാണിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് 'ആന്റി ഒബിസി പാർട്ടി'യാണെന്നും അദ്ദേഹം വിമർശിച്ചു.
അധികാരത്തിൽ എത്തിയപ്പോഴെല്ലാം ഒബിസിയോട് കോൺഗ്രസ് അനീതിയാണ് കാണിച്ചിട്ടുള്ളത്. കാക്ക കലേൽക്കർ കമ്മിറ്റി റിപ്പോർട്ടും മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും നടപ്പാക്കുന്നതിലും ഇതേ അനീതിയാണ് കാണാനാകുന്നതെന്നും അമിത് ഷാ വിമർശിച്ചു. തുടർന്ന് അധികാരത്തിലെത്തിയപ്പോൾ ഒബിസികൾക്ക് 27 ശതമാനം സംവരണം നൽകുകയും പിന്നാക്ക വിഭാഗങ്ങൾക്കായി ദേശീയ കമ്മീഷൻ (എൻസിബിസി) രൂപീകരിക്കുകയും ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമിത് ഷാ പുകഴ്ത്തി.
'കോൺഗ്രസ് ഒബിസി വിരുദ്ധ പാർട്ടിയാണ്. അധികാരത്തിൽ വന്നപ്പോഴെല്ലാം അവരോട് അനീതി കാണിച്ചു. 1950-ൽ കാക്കാ കലേൽക്കർ കമ്മിറ്റി ഉണ്ടാക്കി എന്നാൽ അതിൻ്റെ റിപ്പോർട്ട് കാണാതാവുകയായിരുന്നു. ഒബിസികൾക്ക് സംവരണം നൽകാൻ മണ്ഡൽ കമ്മീഷൻ വന്നപ്പോൾ ഇന്ദിരാഗാന്ധിയും രാജീവും അത് നടപ്പാക്കാൻ കൂട്ടാക്കിയില്ല. കേന്ദ്ര സ്ഥാപനങ്ങളിൽ ഒബിസിക്കാർക്ക് 27 ശതമാനം സംവരണം നൽകാൻ അവർ വർഷങ്ങളെടുത്തു. 2014ൽ മോദി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹം ഒബിസികൾക്ക് 27 ശതമാനം സംവരണം നടപ്പാക്കി. അദ്ദേഹം ദേശീയ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ (എൻസിബിസി) രൂപീകരിക്കുകയും അതിന് ഭരണഘടനാപരമായ സ്ഥാനം നൽകുകയും ചെയ്‌തു.' അമിത് ഷാ പറഞ്ഞു.
ജാർഖണ്ഡിലെ ജെഎംഎം, കോൺഗ്രസ്, ആർജെഡി സർക്കാരുകൾ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്നും അദ്ദേഹം വിമർശിച്ചു. നിലവിലെ സംസ്ഥാന സർക്കാർ അഴിമതിയിൽ കുടുങ്ങിയതിനാൽ സംസ്ഥാനത്ത് ബിജെപി സർക്കാരിനെ കൊണ്ടുവരാൻ ജനങ്ങളോട് അമിത് ഷാ അഭ്യർത്ഥിക്കുകയും ചെയ്‌തു. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.
Adjust Story Font
16