Quantcast

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ ജൂൺ 9 വരെ സമയം; കേന്ദ്രത്തിന് അന്ത്യശാസനം നൽകി ഖാപ്

അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-02 12:18:36.0

Published:

2 Jun 2023 12:10 PM GMT

khap panchayat
X

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ തുടർനടപടികൾ ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. ഹരിയാനയിൽ ചേർന്ന ഖാപ് യോഗത്തിന് ശേഷമാണ് തീരുമാനം. വരുംദിവസങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് തീരുമാനം.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനായി ഒരാഴ്ച കൂടി സമയം അനുവദിച്ചിരിക്കുകയാണെന്ന് രാകേഷ് ടിക്കായത്ത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ഒൻപത് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രിജ് ഭൂഷൺ അയോധ്യയിൽ നടത്താനിരുന്ന റാലി മാറ്റിവെച്ചതിന് പിന്നാലെയാണ് ഖാപ് പഞ്ചായത്ത് സമയം നീട്ടിനൽകിയിരിക്കുന്നത്. ജൂൺ അഞ്ച് വരെ സമരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിനിധികൾ വഴി വിഷയം നേരിട്ട് കേന്ദ്രസർക്കാറിനെ അറിയിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ, രാഷ്ട്രപതിയെ കാണുന്നതിന് പത്തംഗ സമിതി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഒൻപതിന് മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ ഗുസ്‌തി താരങ്ങളെ ഖാപ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ജന്തർ മന്ദറിലെ സമരഭൂമിയിൽ എത്തിക്കുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ശേഷമുള്ള സമരം ഖാപ് ഏറ്റെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഒൻപതിന് ശേഷം അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ മഹാപഞ്ചായത്ത് നടത്തും. തുടർന്ന് രാജ്യമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അൻപതോളം പ്രതിനിധികളാണ് ഇന്ന് നടന്ന ഖാപ് പഞ്ചായത്തിൽ പങ്കെടുത്തത്. യോഗത്തിലെ തീരുമാനങ്ങൾ പ്രതിനിധികൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story