അഭിഷേക് ബാനർജിയെ അധിക്ഷേപിച്ചെന്ന്; റെസ്റ്റോറന്റ് ഉടമയെ തല്ലി തൃണമൂൽ എം.എൽ.എ; പിന്നാലെ ഖേദപ്രകടനം
ഷൂട്ടിങ്ങിനെത്തിയ എം.എൽ.എയും സംഘവും പാർക്കിങ് ഏരിയ മുഴുവനും കൈവശപ്പെടുത്തിയതായി റെസ്റ്റോറന്റ് ഉടമ പറഞ്ഞു.
കൊൽക്കത്ത: തൃണമൂൽ എം.പി അഭിഷേക് ബാനർജിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റെസ്റ്റോറന്റ് ഉടമയെ തല്ലി എം.എൽ.എ. പശ്ചിമബംഗാളിലെ ചന്ദിപൂർ എം.എൽ.എയും നടനുമായ സോഹം ചക്രബർത്തിയാണ് ഹോട്ടലുടമയായ അനീസുൽ ആലമിനെ മർദിച്ചത്. സംഭവത്തിൽ ഇരുവരും പൊലീസിൽ പരാതി നൽകി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൊൽക്കത്തയിലെ ന്യൂ ടൗണിലെ റെസ്റ്റോറന്റിലായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ സോഹം ചക്രബർത്തി വിശദീകരണവുമായി രംഗത്തെത്തി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് താൻ ആലമിനെ തല്ലിയതെന്ന് സോഹം പറഞ്ഞു. സോഹമിന്റെയും സംഘത്തിന്റേയും കാറുകൾ റെസ്റ്റോറന്റിന് മുന്നിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കമാണ് അടിയിൽ കലാശിച്ചത്.
ശനിയാഴ്ച വൈകീട്ട് റെസ്റ്റോറന്റിന്റെ ഒരു ഭാഗത്ത് സോഹമിനും സംഘത്തിനും സിനിമാ ഷൂട്ടിങ്ങിനുള്ള സൗകര്യം സൗജന്യമായി അനുവദിച്ചിരുന്നതായി ആലം പറഞ്ഞു. ഷൂട്ടിങ്ങിനെത്തിയ എം.എൽ.എയും സംഘവും പാർക്കിങ് ഏരിയ മുഴുവനും തങ്ങളുടെ കാറുകളിടാൻ കൈവശപ്പെടുത്തി. റെസ്റ്റോറന്റിലെത്തുന്ന മറ്റ് ആളുകൾക്ക് കാറുകൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നും അതിനാൽ വാഹനങ്ങൾ മാറ്റിയിടണമെന്നും ജീവനക്കാർ അവരോടു പറഞ്ഞു- ആലം വ്യക്തമാക്കി.
എന്നാൽ, എംഎൽഎ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ അടുത്തയാളാണെന്നായിരുന്നു കൂടെയുണ്ടായിരുന്നവരുടെ വാദം. എന്നാൽ, അദ്ദേഹം അഭിഷേകിന്റെയെന്നല്ല നരേന്ദ്രമോദിയുടെ ആളായാലും തനിക്കൊന്നുമില്ലെന്ന് താൻ അവരോട് പറഞ്ഞു. ഇതുകേട്ട സോഹം ചക്രബർത്തി പാഞ്ഞെത്തി തന്നെ ഇടിക്കുകയും മുഖത്ത് അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു- റെസ്റ്റോറന്റ് ഉടമ വിശദമാക്കി.
എന്നാൽ, റെസ്റ്റോറന്റ് ഉടമ തന്നെയും തന്റെ സ്റ്റാഫിനെയും അഭിഷേക് ബാനർജിയേയും അധിക്ഷേപിച്ചതായി സോഹം ആരോപിച്ചു. 'ഇതോടെ എന്റെ നിയന്ത്രണം വിട്ടു. ഞാനയാളെ അടിച്ചു. എനിക്കെൻ്റെ ദേഷ്യം അടക്കിനിർത്താമായിരുന്നു. സംഭവത്തിൽ റെസ്റ്റോറന്റ് ഉടമയോട് മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു'- സോഹം പറഞ്ഞു.
സംഭവത്തിൽ സോഹമിനും കൂട്ടാളികൾക്കുമെതിരെ റെസ്റ്റോറന്റ് ഉടമ പരാതി നൽകിയതായി ബിധാൻനഗർ പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു. ഇതുകൂടാതെ എംഎൽഎയുടെ പരാതിയും ലഭിച്ചു. ഇരു പരാതികളിലും കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Adjust Story Font
16