യു.പിയിൽ 'പണി' നിർത്താതെ എസ്.പി; പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ യുവാക്കൾക്കിടയിലേക്ക്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്ലിക്കായ പി.ഡി.എ തന്ത്രവുമായി മുന്നോട്ടുപോകുകയാണ് പാർട്ടി. പി.ഡി.എ എന്നത് 'പിച്ച്‌ഡെ' അതായത് പിന്നാക്കക്കാർ, ദലിതുകള്‍, അൽപ്‌സാംഖ്യക് (ന്യൂനപക്ഷങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ്.
ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിലും നിർത്താതെ പണിയെടുക്കുകയാണ് സമാജ് വാദി പാർട്ടി(എസ്.പി)യും തലവൻ അഖിലേഷ് യാദവും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്ലിക്കായ പി.ഡി.എ തന്ത്രവുമായി മുന്നോട്ടുപോകുകയാണ് പാർട്ടി. പി.ഡി.എ എന്നത് 'പിച്ച്‌ഡെ' അതായത് പിന്നാക്കക്കാർ, ദലിതുകള്‍, അൽപ്‌സാംഖ്യക് (ന്യൂനപക്ഷങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80ൽ 37 സീറ്റുകളും നേടാന്‍ ഈ പി.ഡി.എ തന്ത്രം സമാജ് വാദി പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് കൂടിയാണ് പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികളെയും യുവാക്കളെയും സമാജ്‌വാദി പാർട്ടി ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഭാവി നയരൂപീകരണത്തിനായി യുവാക്കളുടെ നിർദ്ദേശങ്ങൾ ശേഖരിക്കുന്നതിനൊപ്പം ചോദ്യപേപ്പര്‍ ചോർച്ച, ഫീസ് വർദ്ധന, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും കൂടിയാണ് ഈ ഉദ്യമം. പാർട്ടിയുടെ യുവജന വിഭാഗങ്ങളായ സമാജ്‌വാദി യുവജന സഭ, സമാജ്‌വാദി ലോഹ്യ വാഹിനി, മുലായം സിങ് യൂത്ത് ബ്രിഗേഡ്, സമാജ്‌വാദി ഛത്ര സഭ എന്നിവയെ കൂടി ഭാഗമാക്കിയാണ് എസ്.പി ക്യാമ്പയിന്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ആഗ്സറ്റ് 9ന് തുടക്കമിട്ട പരിപാടി സെപ്തംബര്‍ 10 വരെ നീണ്ടുനില്‍ക്കും.
ഭരണത്തിലുണ്ടായിരുന്ന സമയത്ത് യുവാക്കൾക്കായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകള്‍ ക്യാമ്പയിനില്‍ വിതരണം ചെയ്യും. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും അറിയിക്കും. യുവാക്കളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അവരുടെ നിർദ്ദേശങ്ങളും ചോദിച്ചറിയും. ഇങ്ങനെ യുവാക്കളുടെയും വിദ്യാർഥികളുടെയും പൾസറിഞ്ഞും വിശ്വാസത്തിലെടുത്തും നടത്തുന്ന ക്യാമ്പയിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് രാജേന്ദ്ര ചൗധരി വ്യക്തമാക്കി.
അതേസമയം ബി.ജെ.പിയെ നേരിടാൻ ശക്തമായൊരു കേഡറിനെ തയ്യാറാക്കാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയ വഴി പാഴാക്കാതെ ശക്തിപ്പെടുത്തുകയാണ് പാർട്ടി. കൂടാതെ, ഈ വർഷാവസാനം നടക്കാനിരിക്കുന്ന സംസ്ഥാനത്തെ 10 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനേയും പാർട്ടി ഉറ്റുനോക്കുന്നുണ്ട്.
ക്യാമ്പയിൻ വിജയത്തിലെത്തിയോ എന്നറിയാനുള്ള ആദ്യ മാർഗവും ഈ ഉപതെരഞ്ഞെടുപ്പ് ഫലമാകും. ബി.ജെ.പിയിലെ നേതാക്കന്മാർ തമ്മിലുള്ള 'അടിപിടി കൂടി' ഉപയോഗപ്പെടുത്താനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എസ്.പിയുടെ പുതിയ ക്യാമ്പയിൻ ബി.ജെ.പി ക്യാമ്പിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതേസമയം ബ്രാഹ്‌മണ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവായ മാതാ പ്രസാദ് പാണ്ഡയെ പ്രതിപക്ഷ നേതാവാക്കിയും ബി.ജെ.പിയെ അഖിലേഷ്, ഞെട്ടിച്ചിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് വിജയിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു.
Adjust Story Font
16