'സെഞ്ച്വറിയടിച്ച് തക്കാളി, ചിരി പടർത്തി ട്വീറ്റുകൾ, ക്രിക്കറ്റ് ലോകകപ്പ് വേദികളുടെ പ്രഖ്യാപനം' | Twitter Trending |
രാജ്യത്തിന്റെ പലഭാഗത്തും തക്കാളി വില 100 പിന്നിട്ടു. ഇതുസംബന്ധിച്ച വാർത്തകളും രസകരമായ ട്വീറ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്
തക്കാളിയുടെ വില സെഞ്ച്വറിയടിച്ചതും ലോകകപ്പ് ക്രിക്കറ്റിനുള്ള ഫിക്‌സ്ചർ പുറത്തിറക്കിയതുമാണ് ഇന്ന് ട്വിറ്ററിൽ തരംഗമായത്. രാജ്യത്തിന്റെ പലഭാഗത്തും തക്കാളി വില 100 പിന്നിട്ടു. ഇതുസംബന്ധിച്ച വാർത്തകളും രസകരമായ ട്വീറ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ലോകകപ്പ് വേദികളുടെ പ്രഖ്യാപനവും ഇന്ത്യാ-പാക് മത്സരവുമൊക്കെ നിറഞ്ഞു. ഇന്നത്തെ ട്വിറ്റർ ട്രെൻഡിങുകൾ പരിശോധിക്കുകയാണ് ഇവിടെ...
തക്കാളി വില 100 കടന്നു; ഒരാഴ്ചയ്ക്കുള്ളിൽ വില ഇരട്ടിയായി(#TomatoesPrice)
കാലവർഷം എത്താൻ വൈകിയത് ഇത്തവണ തക്കാളി വിലയിൽ വൻ കുതിപ്പിന് കാരണമായിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതാണ് വൻ വില വർധനവിന് കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോക്ക് 80 രൂപയാണ് തക്കാളിക്ക് വർദ്ധിച്ചത്. കൂടാതെ സംസ്ഥാനത്ത് തക്കാളി വില സെഞ്ച്വറി കടന്നു.
2023 ഐ.സി.സി ലോകകപ്പിന് ഷെഡ്യൂള്‍ പുറത്തിറങ്ങി(#ICCWorldCup2023)
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി 2023 ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 19ന് ഇതേ വേദിയില്‍ ഫൈനലും നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരവും ഒക്ടോബര്‍ 15ന് അഹമ്മദാബാദില്‍ നടക്കും.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സുമാണ് രണ്ട് സെമി ഫൈനലുകള്‍ക്കുള്ള വേദി. ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഒരു രാജ്യത്ത് രണ്ട് നിയമം വേണ്ട; ഏകീകൃത സിവിൽ കോഡിൽ ഉറച്ച് മോദി(#UniformCivilCode)
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉറച്ച സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്ത് രണ്ട് നിയമം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തതിന് ശേഷം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എങ്ങനെ രണ്ട് നിയമങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
9-1ന്റെ പരിക്ക് മാറ്റാൻ ഇന്ത്യ; സാഫിൽ കുവൈത്തിനെതിരെ തീപാറും പോരാട്ടം(#INDKUW #kuwait)
നേപ്പാളിനെതിരെ ബെഞ്ചിലെ ബലമാണ് ഇന്ത്യ നോക്കിയതെങ്കില്‍ സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ യഥാർത്ഥ പോരിനൊരുങ്ങുന്നതേയുള്ളൂ. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളി. വൈകീട്ട് 7.30ന് മത്സരം. സെമിഫൈനല്‍ ടിക്കറ്റ് നേരത്തെ ഉറപ്പിച്ചതിനാല്‍ മത്സരത്തിന്റെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ലെങ്കിലും ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാകാൻ ജയം അനിവാര്യം. 2010ലാണ് അവസാനം ഇന്ത്യയും കുവൈത്തും മത്സരിക്കുന്നത്. അന്ന് ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്കാണ് ഇന്ത്യയെ കുവൈത്ത് തോൽപിച്ചത്. ഫുട്‌ബോൾ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയായിരുന്നു അത്.
ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാക് പോരാട്ടം; തീയതി ഉറപ്പിച്ചു(#indVSPak)
ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ ടീം ഇന്ത്യയുടെ മത്സരക്രമമായി. ഇത്തവണയും ലോകകപ്പിൽ ഇന്ത്യ - പാകിസ്താൻ പോരാട്ടം നടക്കുമെന്നതാണ് സവിശേഷത. ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വീറും വാശിയുമേറിയ മത്സരം അരങ്ങേറുക. ഒക്ടോബർ 5ന് ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കും. നവംബർ 19ന് അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം നടക്കുക. ഒന്നര മാസം നീണ്ടുനിൽക്കുന്ന ലോകകപ്പിൽ 10 ടീമുകൾ മാറ്റുരയ്ക്കും.
ഹോൾഡർ വീണ്ടും ചെണ്ട, സൂപ്പർ ഓവറിൽ 30 റൺസ്(#Jasonholder)
ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ക്വാളിഫയർ മത്സരത്തിൽ വെസ്റ്റിൻഡീസിനെ ഞെട്ടിച്ച് നെതർലൻഡ്സ്. സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിലാണ് വിൻഡീസ്, നെതർലൻഡ്സിന് മുന്നിൽ വീണത്. സൂപ്പർ ഓവറിൽ ജേസൺ ഹോൾഡർ എറിഞ്ഞ ഓവറിൽ 30 റൺസ് നെതർലൻഡ്സ് അടിച്ചെടുത്തപ്പോൾ, വിൻഡീസിന് 8 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമായി.
പൃഥ്വി ഷായ്‌ക്കെതിരായ പീഡന ആരോപണം വ്യാജമെന്ന് മുംബൈ പോലീസ് (#PrithviShaw)
ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് പോലീസ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുമ്പാകെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് പൃഥ്വി ഷായ്‌ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
ആരാധകന്റെ ദുരൂഹമരണം; അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍(#WeWantJusticeForShyamNTR)
ആരാധകന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ താരം ജൂനിയര്‍ എന്‍ടിആര്‍. ആന്ധ്രാപ്രദേശ് ചിന്തലൂര്‍ സ്വദേശിയായ ശ്യാമിന്റെ മരണത്തിലാണ് വിശദമായ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍ രംഗത്തെത്തിയത്. ശ്യാമിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കം രംഗത്തെത്തിയിരുന്നു.
Adjust Story Font
16