ഐപിഎല്‍ ഫൈനലില്‍ വില്ലനായി വീണ്ടും മഴ, ഡല്‍ഹിയിലെ അരുംകൊല, മൈസൂർ അപകടം, ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാർത്തകള്‍
ചെന്നൈ - ഗുജറാത്ത് ഐപിഎൽ ഫൈനൽ പോരാട്ടത്തില്‍ മഴ വീണ്ടും വില്ലനായി
ഇടിമിന്നലായി സുദർശൻ; കലാശപ്പോരിൽ ചെന്നൈക്ക് മറികടക്കേണ്ടത് 214 റൺസ് #ipl
മഴ മാറിനിന്ന ഐപിഎൽ കലാശപ്പോരിൽ റൺവേട്ടയിൽ ഇടിമിന്നലായി സായി സുദർശൻ മാറിയപ്പോൾ ചെന്നൈക്കെതിരെ ഗുജറാത്തിന് മികച്ച സ്‌കോർ. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് പാണ്ഡ്യയും സംഘവും ധോണിപ്പടക്ക് മുന്നില്‍ വെച്ചത്. സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്‍ ഗുജറാത്തിന്റെ റണ്‍ വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍ സായി സുദർശനും വൃദ്ധിമാന്‍ സാഹയും ചെന്നൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചു.
ഐപിഎൽ: അഹ്‌മദാബാദില്‍ വീണ്ടും മഴ #ipl
അഹ്‌മദാബാദ്: ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ചെന്നൈ - ഗുജറാത്ത് ഐപിഎൽ ഫൈനൽ പോരാട്ടം മഴകാരണം നിർത്തി. ഇന്നലെ മഴകാരണം നിർത്തിയ മത്സരം റിസർവേ ദിനമായ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നും മഴ കളിച്ചാൽ കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കില്ല. അങ്ങനെ വന്നാൽ പേടിക്കേണ്ടത് ചെന്നൈ സൂപ്പർ കിങ്‌സ് ആയിരിക്കും. 12 മണിക്ക് ശേഷവും മഴകാരണം കളി നടന്നില്ലെങ്കിൽ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കും.
ധോണിയുടെ 250–ാം ഐപിഎൽ മത്സരം, 42–ാം സ്റ്റംപിങ് #dhoni
ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റന്‍ തന്റെ 250–ാം ഐപിഎൽ മത്സരത്തിനാണ് ഇന്ന് ഗുജറാത്തിനെതിരെ ഇറങ്ങിയത്. സീസണിന്റെ തുടക്കം മുതല്‍ ചെന്നൈ ക്യപ്റ്റന്‍ തന്നെയായിരുന്നു ധോണി. കോഴ വിവാദങ്ങളെ തുടർന്ന് ചെന്നൈയെ മാറ്റി നിർത്തിയ മത്സരത്തില്‍ പുനെ ക്യാപ്റ്റനായും ധോണി എത്തി. അതേസമയം ഇന്നത്തെ മത്സര ം ധോണിയുടെ മറ്റൊരു മാസ്മരിക പ്രകടത്തിന്കൂടി സാക്ഷ്യം വഹിച്ചു. സൂപ്പർ ഫോമിലുള്ള ഗുജറാത്ത് ബാറ്റർ ശുഭ്മാൻ ഗില്ലിനെ കിടിലൻ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയതായിരുന്നു അത്. ഗുജറാത്ത് ഇന്നിങ്സിന്റെ ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. 20 പന്തിൽ ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്ത്തിയത്. 250–ാം ഐപിഎൽ മത്സരം കളിക്കുന്ന ധോണിയുടെ 42–ാം സ്റ്റംപിങ്ങാണ് ഇത്.
ഡല്‍ഹിയില്‍ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍ #delhicrime
ഡൽഹിയിലെ ഷാഹ്ബാദിൽ 16 കാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. 20 കാരനായ സാഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ തലയ്ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും സാഹിൽ കൊലപ്പെടുത്തിയത്.പെൺകുട്ടിയും പ്രതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നു.തെരുവിൽ വെച്ച് ഇരുവരും തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ 22 കുത്തുകളുണ്ടായിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.കൊലപാതകം നടക്കുന്ന സമയത്ത് തെരുവിൽ നിരവധി പേർ കാഴ്ചക്കാരായി നിൽക്കുന്നുണ്ടായിരുന്നു. ആരും പ്രതിയെ പിടിച്ചുമാറ്റാനോ ആക്രമണം തടയാനോ ശ്രമച്ചിരുന്നില്ല.
'കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിൽ 34 മുറിവുകൾ'; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് #delhicrime
ഡൽഹിയിൽ കൊല്ലപ്പെട്ട 16 വയസുകാരിയുടെ ശരീരത്തിൽ കത്തി കൊണ്ട് 34 മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കല്ല് കൊണ്ടുള്ള ആക്രമണത്തിൽ പെണ്‍കുട്ടിയുടെ തലയോട്ടി തകർന്നെന്നും റിപ്പോർട്ടിലുണ്ട്. ഡൽഹിയിലെ ഷാഹ്ബാദിലാണ് 16 കാരിയെ കുത്തിക്കൊലപ്പെടുത്തിയത്.ഞായറാഴ്ച വൈകീട്ടാണ് പതിനാറുകാരിയായ സാക്ഷി ദീക്ഷിത് ദ്വാരകയ്ക്ക് സമീപം ഷഹാദാബാദ് ഡയറിക് സമീപത്ത് വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുപതുകാരനായ സാഹിൽ ഇരുപതിലേറെ തവണ സാക്ഷിയുടെ നെഞ്ചിലും മുതുകിലും തലയിലും കുത്തിയിട്ടുണ്ട്. ഭാരമുള്ള കല്ല് ഒന്നിലേറെ തവണ പെൺകുട്ടിയുടെ തലയിലേക്ക് സാഹിൽ എറിയുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സുഹൃത്തിൻ്റെ വീട്ടിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആണ് പെൺകുട്ടിയെ സാഹിൽ തടഞ്ഞ് നിർത്തി ആക്രമിച്ചത്. നിരവധി ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെങ്കിലും ആർക്കും പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ സാഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
മൈസൂരുവിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു #Mysuruaccident
മൈസൂരു: മൈസൂരുവിലെ ടി നരസിപുരയിൽ ബസും കാറും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. ഇന്നോവ കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. ഇന്നോവയിലുണ്ടായിരുന്ന രണ്ട് കുട്ടികളുൾപ്പെടെയുള്ളവരാണ് മരിച്ചത്.ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമില്ല. പരിക്കേറ്റവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമര പന്തൽ പൊളിച്ച് നീക്കിയാലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ #Wrestlersprotest
ജന്തർ മന്ദറിലെ സമര പന്തൽ പൊളിച്ച് നീക്കിയാലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. അപേക്ഷ നൽകിയാൽ ജന്തർ മന്ദറിന് പകരം മറ്റൊരു വേദി അനുവദിക്കാമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇന്നലെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർ മന്ദറിലേക്കുള്ള റോഡിൽ പൊലീസ് സുരക്ഷ ശക്തമാക്കി.ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് കായിക താരങ്ങൾ ഇന്നലെ നടത്തിയ പാർലമെൻ്റ് മാർച്ചിന് എതിരെ ബിജെപി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വ്യാപകമായി വ്യാജ പ്രചാരണമാണ് നടത്തുന്നത്. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ഹൃദയമില്ലാത്തവരാണെന്ന് ഗുസ്തി താരങ്ങൾ കുറ്റപ്പെടുത്തി. സമാധാനപൂർവം മഹാപഞ്ചായത്ത് നടത്താൻ പൊലീസ് അനുവദിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് ആരോപിച്ചു.
Adjust Story Font
16