Quantcast

കോഹ്‌ലിയെ സ്വാർത്ഥനാക്കി ലേഖനം, ദൈനിക് ജാഗരണിനെതിരെ വൻ പ്രതിഷേധം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ

കോഹ്‌ലിയെ വിമർശിച്ച ലേഖനം രോഹിത് ശർമയുടെ പ്രകടനങ്ങളെ നിസ്വാർത്ഥമെന്ന് പുകഴ്ത്തുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-10-30 17:22:05.0

Published:

30 Oct 2023 2:54 PM GMT

Article makes Kohli selfish; Massive protest against Dainik Jagaran; Todays Twitter Trends
X

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ സ്വാർത്ഥനെന്ന് കുറ്റപ്പെടുത്തിയുള്ള ലേഖനം പ്രസിദ്ധീകരിച്ച ഹിന്ദി ദിനപത്രം ദൈനിക് ജാഗരണിനെതിരെ വമ്പൻ പ്രതിഷേധം. എക്‌സിൽ (ട്വിറ്റർ) ബോയ്‌ക്കോട്ട് ദൈനിക് ജാഗരണെന്ന ഹാഷ്ടാഗ് വൈറലാണ്. പത്രം കത്തിച്ചും ഇതര മാർഗങ്ങളിലുടെയും കോഹ്‌ലി ആരാധകർ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിൾ ഇവൻറ്, ഇൻവെസ്റ്റ് ഇൻ അമേത്തി, മൂന്നാർ, ലോകകപ്പിലെ അഫ്ഗാൻ -ശ്രീലങ്ക മത്സരം, സിസോദിയക്ക് ജാമ്യമില്ലാത്തത്‌ തുടങ്ങിയവയും ട്വിറ്ററിൽ വൈറലാണ്.

2023 ഏകദിന ലോകകപ്പിൽ കോഹ്‌ലി സെഞ്ച്വറി നേടിയതുമായി ബന്ധപ്പെട്ട ലേഖനമാണ് വിവാദമായത്. 'ശതക് പർ രവായിയാ അലഗ് അലഗ് -സെഞ്ച്വറിയിൽ രണ്ട് വ്യത്യസ്ത വീക്ഷണങ്ങൾ) എന്ന തലക്കെട്ടിൽ മാധ്യമപ്രവർത്തകനായ അഭിഷേക് തൃപാതിയാണ് ലേഖനമെഴുതിയത്. കോഹ്‌ലിയെ വിമർശിച്ച ലേഖനം രോഹിത് ശർമയുടെ പ്രകടനങ്ങളെ നിസ്വാർത്ഥമെന്ന് പുകഴ്ത്തുകയും ചെയ്തു. കോഹ്‌ലി സെഞ്ച്വറികളിൽ ശ്രദ്ധിച്ചപ്പോൾ രോഹിത് വമ്പനടിയടിച്ച് ഇന്ത്യൻ ടീമിനായാണ് കളിച്ചതെന്ന് ലേഖനത്തിൽ പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ കോഹ്‌ലി സഹതാരം കെഎൽ രാഹുലിന് സ്‌ട്രൈക്ക് കൈമാറാതെ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. എന്നാൽ സ്‌ട്രൈക്ക് കൈമാറാതിരിക്കുന്നത് ശരിയല്ലെന്നാണ് കോഹ്‌ലി പറഞ്ഞിരുന്നതെന്നും താനാണ് സെഞ്ച്വറി നേടാൻ പറഞ്ഞതെന്നും രാഹുൽ പിന്നീട് പറഞ്ഞിരുന്നു. ടീം അനായാസ വിജയം നേടിയ ഈ മത്സരത്തിൽ 103 റൺസ് നേടിയ കോഹ്‌ലി മറ്റു മൂന്നു മത്സരങ്ങളിൽ അർധസെഞ്ച്വറിയും നേടിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരെ ധരംശാലയിൽ 95 റൺസാണ് താരം അടിച്ചുകൂട്ടിയത്.

ആപ്പിൾ ഇവൻറ്

ആപ്പിളിന്റെ ''സ്‌കറി ഫാസ്റ്റ്'' ഇവന്റ് ഒക്‌ടോബർ 31ന് നടക്കുകയാണ്. ഓൺലൈനായി നടക്കുന്ന ഇവൻറ് ഇന്ത്യൻ സമയം കാലത്ത് 5.30നാണ് നടക്കുക. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിൾടിവി ആപ്പ്, ആപ്പിൾ യൂട്യൂബ് ചാനൽ എന്നിവയിലൂടെ ഇവൻറ് കാണാനാകും. 'സ്‌കറി ഫാസ്റ്റ്' എന്ന ടാഗ്ലൈൻ ഉള്ള ഇവന്റിൽ - അടുത്ത തലമുറ എം3 ചിപ്പുകളുള്ള പുതിയ iMacs, MacBooks എന്നിവ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇൻവെസ്റ്റ് ഇൻ അമേത്തി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുൻ മണ്ഡലമായ അമേത്തിയിൽ വൻ വികസനങ്ങൾ കൊണ്ടുവരുന്നതായി അവകാശപ്പെട്ട് ബിജെപി ഹാൻഡിലുകൾ എക്‌സിൽ ഇൻവെസ്റ്റ് ഇൻ അമേത്തി ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിയും സ്ഥലത്തെ എംപിയുമായ സ്മൃതി ഇറാനി മണ്ഡലത്തിൽ വികസനം കൊണ്ടുവരുന്നായാണ് അവകാശവാദം.

യോഗി ആദിത്യനാഥിന്റെ യുപി സർക്കാറും കേന്ദ്രത്തിലെ മോദി സർക്കാറും അമേത്തിയിൽ വികസനം കൊണ്ടുവരുന്നതായും പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ൽ നടക്കാനിരിക്കെയാണ് പ്രചാരണം.

മൂന്നാർ വൈറൽ

കേരളത്തിലെ സുപ്രധാന ഹിൽ സ്‌റ്റേഷനായ മൂന്നാറും എക്‌സിൽ വൈറലാണ്. കേരള ടൂറിസമടക്കമുള്ള പേജുകളിലൂടെ വീഡിയോകൾ പങ്കുവെക്കപ്പെടുന്നുണ്ട്.

മദ്യനയ അഴിമതി; സിസോദിയക്ക് ജാമ്യമില്ല

മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം.

ആഗസ്ത് 17 നാണു മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് എഫ്.ഐ.ആർ ഇട്ടത്. റിമാൻഡ് ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി അന്വേഷണ ഏജൻസികളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പരാജയപ്പെട്ടാൽ ജാമ്യം അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.

ശ്രീലങ്കക്കെതിരെ അഫ്ഗാന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ്

ഏകദിന ലോകകപ്പിലെ നിർണായക പോരിൽ അഫ്ഗാന് 242 റൺസ് വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് മറികടക്കാനുള്ള അഫ്ഗാൻ പോരാട്ടം 23 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 105 റൺസിലെത്തിയിരിക്കുകയാണ്. ഓപ്പണർ റഹ്മാനുല്ലാഹ് ഗുർബാസ് പൂജ്യത്തിന് പുറത്തായി. മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്‌റാൻ (39) റൺസ് നേടി മടങ്ങി. ദിൽഷൻ മധുശനകയാണ് ഇരുവരെയും പറഞ്ഞയച്ചത്. ഗുർബാസിനെ ബൗൾഡാക്കിയപ്പോൾ, സദ്‌റാനെ കരുണരത്‌നയുടെ കൈകളിലെത്തിച്ചു. റഹ്മത് ഷായും(43) ഹഷ്മത്തുല്ലാഹ് ഷാഹിദിയു(18)മാണ് ക്രീസിൽ.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണെടുത്തത്. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ നായകന്റെ തീരുമാനം ബൗളർമാർ ശരിവെക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഫസൽ ഹഖ് ഫാറൂഖിയടക്കമുള്ള അഫ്ഗാൻ ബൗളർമാരെല്ലാം മികച്ച പ്രകടനം നടത്തി.

ആറാം ഓവറിൽ ദിമുത് കരുണരത്ന(15)യെ വീഴ്ത്തി ഫസൽ ഹഖ് ഫാറൂഖിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ശ്രീലങ്കയുടെ ടോപ് സ്‌കോററായ പതും നിസങ്ക(46)യെ പറഞ്ഞയച്ച് അസ്മതുല്ലാ ഒമർസായി അതിന് തുടർച്ച നൽകി. റഹ്മാനുല്ലാഹ് ഗുർബാസിന് ക്യാച്ച് നൽകിയായിരുന്നു ശ്രീലങ്കൻ ഓപ്പണറുടെ മടക്കം. തുടർന്ന് പൊരുതിക്കളിച്ച നായകനും വിക്കറ്റ് കീപ്പറുമായ കുസാൽ മെൻഡിസിനെയും (39) സദീര സമരവിക്രമയെയും (36) മുജീബുറഹ്മാൻ പറഞ്ഞയച്ചു. അപകടകാരിയായ ചരിത് അസലങ്ക (22)യെയും അവസാനത്തിൽ തകർത്തടിച്ച മഹീഷ് തീക്ഷണയെയും(29) ഫസൽ ഹഖ് പുറത്താക്കി. എയ്ഞ്ചലോ മാത്യൂസിനെ (23) താരം മുഹമ്മദ് നബിയുടെ കൈകളിലെത്തിച്ചു. പത്ത് ഓവറെറിഞ്ഞ റാഷിദ് ഖാന് ധനഞ്ജയ ഡിസിൽവയുടെ (14) വിക്കറ്റാണ് ലഭിച്ചത്. താരത്തിന്റെ നൂറാം ഏകദിന മത്സരമായിരുന്നു ഇന്ന് കളിച്ചത്. ദുഷ്മന്ത് ചമീരയെ ഇബ്രാഹിം സദ്റാനും കസുൻ രജിതയെ ഗുർബാസും റണ്ണൗട്ടാക്കി.

Article makes Kohli selfish; Massive protest against Dainik Jagaran; Today's Twitter Trends

TAGS :
Next Story