Quantcast

ക്ഷേത്ര മതിൽ തകർന്നുവീണ് ഒമ്പത് കുട്ടികൾ മരിച്ച സംഭവം: ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ടടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

സ്കൂള്‍ അവധിയായതിനാല്‍ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    5 Aug 2024 4:45 AM

Madhya Pradesh, Wall Collapse,Sagar ,മധ്യപ്രദേശ്,ക്ഷേത്രമതില്‍ തകര്‍ന്ന് വീണു,സാഗര്‍ അപകടം
X

ഭോപ്പാൽ: ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ മതിലിടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഷാഹ്പൂരിലെ ഹർദയാൽ ബാബ ക്ഷേത്രത്തിൽ അപകടമുണ്ടായത്.

അപകടത്തെത്തുടർന്ന് ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എന്നിവരെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി മോഹൻ യാദവാണ് ഉത്തരവിട്ടത്. സാഗർ കലക്ടർ ദീപക് ആര്യയെ ഭോപ്പാലിലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലം മാറ്റിയത്.നിലവിൽ ഛത്തർപൂർ കലക്ടറായി ജോലി ചെയ്യുന്ന ജിആർ സന്ദീപ് ആണ് പുതിയ കലക്ടർ.

സാഗർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റാനും മുഖ്യമന്ത്രി ഉത്തരവിട്ടു. സാഗർ എസ്പി അഭിഷേക് തിവാരിയെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറലായാണ് സ്ഥലം മാറ്റിയത്.നിലവിൽ റെയ്സൻ എസ്പിയായി ചുമതലയേറ്റ വികാസ് കുമാർ സഹ്വാളാണ് സാഗറിന്റെ പുതിയ എസ്പി.

സംഭവത്തിൽ ഷാപൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിയമിച്ച ഡോ.ഹരിഓം ബൻസലിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെത്തുടർന്ന് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നാരോപിച്ചാണ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മതിലിടിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. മണ്ണുമാന്തി യന്ത്രം എത്തിച്ച് തകർന്ന ഭിത്തിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റ കുട്ടികളെയും പുറത്തെത്തിച്ചത്.

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് ക്ഷേത്രമതിൽ ഇടിഞ്ഞുവീണത്. ഹർദയാൽ ക്ഷേത്രത്തിന്റെ മതിലിന് 50 വർഷം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവസമയത്ത് സാവൻ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മൺ ശിവലിംഗങ്ങൾ നിർമിക്കുകയായിരുന്നു.

ഞായറാഴ്ച സ്‌കൂളുകൾക്ക് അവധിയായതിനാൽ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഇരകളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അറിയിച്ചു.

TAGS :

Next Story