'രാമക്ഷേത്രത്തിലെത്തുന്നത് 5000 പേര്‍ മാത്രം, മോദി പബ്ലിസിറ്റി മന്ത്രി' -ശത്രുഘ്‌നന്‍ സിന്‍ഹ എം.പി
മതപ്രഭാഷണം നടത്തികൊണ്ടിരുന്നാല്‍ മോദി എപ്പോഴാണ് പണിയെടുക്കുകയെന്നും സിന്‍ഹ
കൊല്‍ക്കത്ത: അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബോളിവുഡ് നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ എം.പി. സാധാരണക്കാരെ ക്ഷണിക്കാതെ ബി.ജെ.പി കോർപറേറ്റുകളെയും താരങ്ങളെയും വിളിച്ച് നടത്തിയ ചടങ്ങായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങെന്നും ആദ്യദിനം അഞ്ച് ലക്ഷം ആളെത്തിയെങ്കില്‍ ഇന്ന് അത് അയ്യായിരമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ അസന്‍സോളിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സിന്‍ഹ. 'വളരെ ദുഃഖത്തോടെയാണ് ഇത് പറയുന്നത്. രാമക്ഷേത്രത്തിന്‌റെ വലിയ പ്രചാരണത്തിന് ശേഷം ആദ്യദിനം ഏകദേശം അഞ്ച് ലക്ഷം പേരാണ് അവിടെ എത്തിയത്. വലിയ കോര്‍പ്പറേറ്റുകളെയും താരങ്ങളെയും വിളിച്ചു. എന്നാല്‍, ഒരു സാധാരണക്കാരനെ പോലും ക്ഷണിച്ചില്ല. രണ്ടും മൂന്നൂം ദിനം മൂന്ന് ലക്ഷം പേരാണ് ക്ഷേത്രത്തിലെത്തിയത്. പിന്നീടത് രണ്ട് ലക്ഷമായി. ഇപ്പോഴത് അയ്യായിരവും പതിനായിരവും ഇരുപതിനായിരവുമാണ്' -ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
'ശങ്കരാചാര്യന്മാര്‍ വരാത്തതിനാല്‍ ക്ഷേത്രം എന്ന നിലയില്‍ അത് പരിപൂര്‍ണമായിട്ടില്ല. നിങ്ങള്‍ പല നാടകങ്ങളും പ്രചാരണങ്ങളും നടത്തി. കര്‍ഷകര്‍ റോഡിലിരിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് മോദി പ്രധാനമന്ത്രിയല്ല, പബ്ലിസിറ്റി മന്ത്രിയാണ് എന്നാണ്. നിങ്ങള്‍ മതപ്രഭാഷണം നടത്തികൊണ്ടിരുന്നാല്‍ എപ്പോഴാണ് പണിയെടുക്കുക'യെന്നും സിന്‍ഹ ചോദിച്ചു.
അതേസമയം, സിന്‍ഹക്ക് മറുപടിയുമായി ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ പോലെ ശത്രുഘ്‌നന്‍ സിന്‍ഹയും നുണയനാണെന്നും ആദ്യ മാസം 50 ലഷം പേര്‍ അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചെന്നും അമിത് മാളവ്യ പറഞ്ഞു.
'വരും ദിനങ്ങളിലെ കണക്ക് ഇതിനെ മറികടക്കും. വര്‍ഷം തോറും അഞ്ച് കോടി ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വത്തിക്കാനും മക്കയ്ക്കും മുകളിലായിരിക്കും. ഏത് ജീവിത സാഹചര്യത്തിലുള്ളവര്‍ക്കും ഏത് ജാതിയിലും ആശയത്തിലുമുള്ളവര്‍ക്കും ഇവിടം സന്ദര്‍ശിക്കാം. രാമനെ അപകീര്‍ത്തിപ്പെടുത്തി കള്ളം പറയുകയാണ് സിന്‍ഹ' -അമിത് മാളവ്യ കൂട്ടിച്ചേർത്തു.
Adjust Story Font
16