Quantcast

ത്രിപുരയില്‍ സി.പി.എമ്മിന് വോട്ടുചോര്‍ച്ച; സീറ്റുകളുടെ എണ്ണവും കുറഞ്ഞു

2018ല്‍ സി.പി.എമ്മിന് അധികാരം നഷ്ടമായിരുന്നെങ്കിലും ബി.ജെ.പിയുമായി വോട്ടിലെ വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു.

MediaOne Logo

Web Desk

  • Published:

    2 March 2023 3:51 PM GMT

tripura assembly election cpim seats and vote share decreased
X

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും നേട്ടമുണ്ടാക്കാനാവാതെ സി.പി.എം. 2018നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം കുറഞ്ഞതിനൊപ്പം വന്‍ വോട്ടുചോര്‍ച്ചയും സി.പി.എം നേരിട്ടു.

2018ല്‍ സി.പി.എമ്മിന് അധികാരം നഷ്ടമായിരുന്നെങ്കിലും ബി.ജെ.പിയുമായി വോട്ടിലെ വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. ബി.ജെ.പി 43.59 ശതമാനം വോട്ടും സി.പി.എം 42.22 ശതമാനം വോട്ടുകളും നേടി. ബി.ജെ.പി 36 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.എം 16 സീറ്റിലാണ് വിജയിച്ചത്.

എന്നാല്‍ ഇത്തവണ സി.പി.എമ്മിന്‍റെ സീറ്റുകളുടെ എണ്ണം 11 ആയി കുറഞ്ഞു. അതേസമയം സി.പി.എമ്മിനൊപ്പം സഖ്യം ചേര്‍ന്നു മത്സരിച്ച കോണ്‍ഗ്രസിന് മൂന്ന് സീറ്റില്‍ വിജയിക്കാനായി. കഴിഞ്ഞ തവണ ഒരു സീറ്റിലും ജയിക്കാന്‍ കഴിയാതിരുന്ന, പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ ഒരു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതു നേട്ടമാണ്. അതായത് ഇത്തവണ സി.പി.എം - കോണ്‍ഗ്രസ് സഖ്യം ജയിച്ചത് 14 സീറ്റുകളിലാണ്. എന്നാല്‍ സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ 34.36 ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ബി.ജെ.പി - ഐ.പി.എഫ്.ടി സഖ്യം 40.23 ശതമാനം വോട്ടുകളും 33 സീറ്റും നേടി. കഴിഞ്ഞ തവണ ഒറ്റയടിക്ക് നേടിയ 36 സീറ്റ് ലഭിച്ചില്ലെങ്കിലും ഭരണം നിലനിർത്താൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ്‌ ബി.ജെ.പി.

ടിപ്ര മോഥയുടെ മുന്നേറ്റമാണ് ഇടത് - കോൺഗ്രസ് സഖ്യത്തിന്റെ തോൽവിക്ക് ആക്കം കൂട്ടിയത്. ടിപ്ര മോഥ 13 സീറ്റും 20.1 ശതമാനം വോട്ടും സ്വന്തമാക്കി. ടിപ്ര മോഥ നേതാവായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന് ഗോത്ര വർഗക്കാർ മനസ് മാത്രമല്ല അവരുടെ വോട്ടും പൈനാപ്പിൾ ചിഹ്നത്തിൽ സമ്മാനിച്ചു. ത്രിപുരയിൽ ഒരു കൈ നോക്കാനായി എത്തിയ തൃണമൂൽ കോണ്‍ഗ്രസ് നിലംതൊട്ടില്ല.

സഖ്യം പ്രഖ്യാപിച്ചെങ്കിലും സീറ്റ് തര്‍ക്കം സി.പി.എമ്മിനും കോണ്‍ഗ്രസിനുമിടയില്‍ ഉണ്ടായിരുന്നു. വിജയത്തിലേക്ക് എളുപ്പ വഴിയില്ലെന്ന പാഠമാണ് കോൺഗ്രസിനും സി.പി.എമ്മിനും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പഠിക്കാനുള്ളത്. ഭരണവിരുദ്ധ വികാരം രൂക്ഷമായപ്പോള്‍ പുതിയ ആളെ പ്രതിഷ്ഠിച്ച ബി.ജെ.പി തന്ത്രം വിജയം കാണുകയും ചെയ്തു.

TAGS :

Next Story