കന്നുകാലികളുമായി പോയ ട്രക്ക് ഡ്രൈവറെ ബിഎസ്എഫ് ജവാന്മാർ വെടിവച്ച് കൊന്നു; കേസെടുത്തു; അന്വേഷണത്തിന് ഉത്തരവിട്ട് സേന
ചെക്ക് പോസ്റ്റിന് കാവൽ നിന്ന ബിഎസ്എഫ് ജവാന്മാർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.
ഷില്ലോങ്: കന്നുകാലികളുമായി പോവുകയായിരുന്ന ട്രക്ക് ഡ്രൈവറെ ബിഎസ്എഫ് ജവാന്മാർ വെടിവച്ച് കൊന്നു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലെ മൗഷൂൺ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. 32കാരനായ ഡ്രൈവർ റോണിങ് നോങ്കിൻറിഹ് ആണ് കൊല്ലപ്പെട്ടത്. ചെക്ക് പോസ്റ്റിന് കാവൽ നിന്ന ബിഎസ്എഫ് ജവാന്മാർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ബിഎസ്എഫ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള മൗഷൂണിൽ നടന്ന വെടിവെപ്പിൽ പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു.
എന്നാൽ, തങ്ങളെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുമെന്ന് ഭയപ്പെട്ടതിനാൽ സ്വയം പ്രതിരോധത്തിനായാണ് വെടിവച്ചതെന്നാണ് കുറ്റക്കാരായ ജവാന്മാരുടെ ഭാഷ്യം. എന്നാൽ, ബിഎസ്‌എഫ് ഉദ്യോഗസ്ഥർ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിയുതിർക്കുകയായിരുന്നെന്ന് ട്രക്കിലുണ്ടായിരുന്ന, കൊല്ലപ്പെട്ട ഡ്രൈവറുടെ ബന്ധു റിബൽസ്‌കെം നോങ്കിൻറിഹ് ആരോപിച്ചു.
അതേസമയം, സംഭവ സ്ഥലത്തേക്ക് പൈനുർസ്‌ല പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു സംഘത്തെ അയച്ചതായും മജിസ്‌ട്രേറ്റ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ പൊലീസ് സൂപ്രണ്ട് എസ് നോങ്‌തംഗർ പറഞ്ഞു.
"ഇത് നിർഭാഗ്യകരമായ സംഭവമാണ്. ഞങ്ങൾ വിഷയം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ഐപിസി 302 (കൊലപാതകം) വകുപ്പ് പ്രകാരം പൈനൂർസ്‌ല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.
അടിയന്തര നടപടി ആരംഭിച്ചിട്ടുണ്ടെന്നു പറഞ്ഞ മേഘാലയ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ പ്രദീപ് കുമാർ, മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
"ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുടെ അന്വേഷണത്തിന് ഞാൻ ഉത്തരവിട്ടിട്ടുണ്ട്. കേസിലെ വസ്തുതകൾ ഞങ്ങൾ കണ്ടെത്തും. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലത്ത് നിന്ന് പിൻവലിച്ച് ഷില്ലോങ്ങിലെ അതിർത്തി ആസ്ഥാനത്തേക്ക് മടക്കി”- അദ്ദേഹം പറഞ്ഞു.
"പ്രാഥമിക അന്വേഷണത്തിൽ, ട്രക്ക് നിർത്താതെ ഇടിച്ചിടുമെന്ന് കരുതി സ്വയം പ്രതിരോധത്തിനായി വെടിയുതിർത്താണെന്ന് വെടിവെച്ചുകൊന്ന ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. എന്നിരുന്നാലും, ഞങ്ങൾ സത്യം കണ്ടെത്തും. പൊലീസും അവരുടെ അന്വേഷണത്തിലാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16