Quantcast

പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

കൊലപാതകത്തിൽ പങ്കാളികളായ മറ്റ് നാലു പ്രതികൾ ഒളിവിലാണ്.

MediaOne Logo

Web Desk

  • Updated:

    2024-06-27 05:26:45.0

Published:

27 Jun 2024 5:23 AM GMT

two arrested including bjp worker in killing of muslim youths chhattisgarh alleges cow smuggling
X

റായ്പ്പൂർ: ഛത്തീസ്​ഗഢിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനും ബിഎംഎസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അ​ഗർവാൾ, ഹരീഷ് മിശ്ര എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷി എന്നയാൾക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

കൊലപാതകത്തിൽ പങ്കാളികളായ മറ്റ് നാലു പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ, ഐപിസി 304 (കുറ്റകരമായ നരഹത്യ), 308 (കുറ്റകരമായ നരഹത്യാശ്രമം) 34, എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മഹാസമുന്ദിലെ ഒരു ഗ്രാമത്തിൽ നിന്ന് എരുമകളുമായി ഒഡിഷയിലെ മാർക്കറ്റിലേക്ക് പോവുകയായിരുന്നു മരിച്ചവരെന്ന് പൊലീസ് പറഞ്ഞു.

റായ്പൂരിനടുത്തെ ആരം​ഗിൽ ജൂൺ ഏഴിന് പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലായിരുന്നു സംഭവം. മഹാനദി പാലത്തിന് സമീപം ഒരു സംഘം അക്രമികൾ വാഹനം തടഞ്ഞുനിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. ട്രക്ക് പിന്തുടര്‍ന്ന് എത്തിയ യുവാക്കളുടെ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍.

മൂവരെയും ചിലർ പിന്തുടരുന്നതായി ഹെല്പ് ലൈനിൽ പൊലീസിന് വിവരം ലഭിച്ചിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. തുടർന്ന് മഹാനദി പാലത്തിന് കീഴിൽ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് മൂവരെയും കണ്ടെത്തിയത്. ​ഗുരുതരമായി പരിക്കേറ്റ ഇവരിൽ ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മെയ് 23ന് ഗുജറാത്തില്‍ പശുക്കടത്ത് ആരോപിച്ച് തീവ്ര ഹിന്ദുത്വവാദികള്‍ യുവാവിനെ തല്ലിക്കൊന്നിരുന്നു. 40കാരനായ മിശ്രിഖാന്‍ ബലോച്ച് ആണ് കൊല്ലപ്പെട്ടത്. കാലിക്കച്ചവടക്കാരനായ ഖാന്‍, കന്നുകാലികളെ ചന്തയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അഞ്ചംഗ അക്രമിസംഘം ഇദ്ദേഹത്തെ മര്‍ദിച്ചു കൊന്നത്. കൂടെയുണ്ടായിരുന്ന ഹുസൈന്‍ ഖാന്‍ ഓടിരക്ഷപ്പെട്ടു.

അഖിരാജ് സിങ്, പര്‍ബത് സിങ് വഗേല, നികുല്‍സിങ്, ജഗത്സിങ്, പ്രവിന്‍സിങ്, ഹമീര്‍ഭായ് താക്കൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2023 ജൂലൈയില്‍ പോത്തുകളെ കൊണ്ടുപോവുകയായിരുന്ന വ്യാപാരിയെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതുള്‍പ്പെടെ അഖിരാജിനെതിരെ കേസുകളുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുക്കടത്ത് ആരോപിച്ച് വാഹനങ്ങള്‍ തടഞ്ഞ് ആക്രമിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും ആവർത്തിക്കുകയാണ്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ, ഹരിയാനയിലെ ഭിവാനിയിൽ രാജസ്ഥാൻ സ്വദേശികളായ രണ്ട് മുസ്‌ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്നിരുന്നു. ഗോപാൽഗഢ് സ്വദേശികളായ നസീർ (25), ജുനൈദ് (35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാഹനവും പൂർണമായി കത്തിനശിച്ചിരുന്നു. സംഭവത്തിൽ ഗോരക്ഷാ​ ​ഗുണ്ടയും ബജ്‌റംഗ്ദള്‍ നേതാവുമായ മോനു മനേസര്‍ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു.



TAGS :

Next Story