ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു; അടിയിൽ വിറകിട്ട് പുകച്ചു
കനത്ത ചൂടും പുകയും മർദനവും സഹിക്കാനാവാതെ രണ്ടു പേരും സഹായത്തിനായി നിലവിളിക്കുമ്പോഴും ഫാം ഉടമയും കൂട്ടാളികളും മർദനം തുടരുകയായിരുന്നു.
ഹൈദരാബാദ്: ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കളെ പുകയ്ക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ മന്ദമാരി ടൗണിലാണ് സംഭവം. ആടിനെ മോഷ്ടിച്ചെന്ന് സംശയം തോന്നിയ ഉടമ രണ്ടു പേരെയും ഒരു ഷെഡ്ഡിൽ കെട്ടിത്തൂക്കുകയായിരുന്നു.
തുടർന്ന് ഇരുവർക്കും താഴെ വിറകുകൾ കത്തിച്ച് പുകയ്ക്കുകയും മർദിക്കുകയുമായിരുന്നു. ഗോദാവരിക്കാനി സ്വദേശികളായ ആട്ടിടയൻ തേജ (19), സുഹൃത്ത് ചിലുമൂല കിരൺ (30) എന്നിവർക്കാണ് മർദനമേറ്റത്. മന്ദമാരി അംഗാഡി ബസാറിലെ ഫാം ഉടമയായ കൊമുരാജുല രാമുലുവും കുടുംബവുമാണ് ഇരുവരെയും മർദിച്ചത്.
കനത്ത ചൂടും പുകയും മർദനവും സഹിക്കാനാവാതെ രണ്ടു പേരും സഹായത്തിനായി നിലവിളിക്കുമ്പോഴും ഫാം ഉടമയും കൂട്ടാളികളും മർദനം തുടരുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. 20 ദിവസം മുമ്പ് രാമുലുവിന്റെ ഒരു ആടിനെ കാണാതാവുകയായിരുന്നു. ആടിനെ തേജയും കിരണും ചേർന്ന് മോഷ്ടിച്ചതാണെന്നായിരുന്നു ഇയാളുടെ സംശയം.
വെള്ളിയാഴ്‌ച, തേജയെയും കിരണിനെയും ഷെഡ്ഡിലേക്ക് വിളിച്ചുവരുത്തിയ രാമുലുവും കുടുംബവും ഇവരെ തലകീഴായി കെട്ടിത്തൂക്കുകയും വിറുകൾ പെറുക്കി ഇവരുടെ തലയ്ക്ക് താഴെയിട്ട് കത്തിക്കുകയും മർദിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രതികൾ തന്നെ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.
കുറ്റം അംഗീകരിച്ച് ആടുകളെ തിരികെ നൽകണമെന്നും ഇല്ലെങ്കിൽ പണം നൽകണമെന്നുമായിരുന്നു അക്രമികളുടെ ആവശ്യം. മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം താക്കീത് നൽകി യുവാക്കളെ വിട്ടയച്ചു. എന്നാൽ ഇവരിൽ ഒരാൾ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
ഗുരുതരമായി പരിക്കേറ്റ തേജയും കിരണും ശനിയാഴ്ച തങ്ങളുടെ വീടുകളിലെത്തി മർദനത്തെ കുറിച്ച് വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ ബെല്ലംപള്ളി എസിപി ബി.സദയ്യയും എസ്ഐ ചന്ദ്രകുമാറും മന്ദമാരിയിൽ എത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.
തുടർന്ന് സംഭവത്തിൽ ഫാം ഉടമയ്ക്കും രണ്ട് കുടുംബാഗങ്ങൾക്കും സഹായിയായ നരേഷിനുമെതിരെ എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരെയാ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു.
Adjust Story Font
16