അദാനിക്കായി അതിർത്തി സുരക്ഷാ നിയമങ്ങളിലും ഇളവ് വരുത്തി കേന്ദ്രസർക്കാർ: വെളിപ്പെടുത്തലുമായി ദി ഗാർഡിയൻ
ഗുജറാത്തിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന പുനരുപയോഗ ഊർജ പദ്ധതിയായ ഖവ്ദ പവര്‍ പ്ലാന്റിന് വേണ്ടിയാണ് ഇളവ്

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുടെ ഊർജ്ജ പാർക്കിന് വഴിയൊരുക്കാന്‍ അതിർത്തിയിലെ സുരക്ഷാ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം എക്സ്ക്ലൂസിവായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്തിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന പുനരുപയോഗ ഊർജ പദ്ധതിയായ ഖവ്ദ പവര്‍ പ്ലാന്റിന് വേണ്ടിയാണ് ഇളവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തിലൂടെ അദാനി രാജ്യത്തിനകത്തും പുറത്തും പലതും നേടിയെടുക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്കായാണ് ഖവ്ദ പ്ലാന്റിനെ വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാല്‍, ഇന്ത്യ-പാക് അതിർത്തിയിലെ തന്ത്രപ്രധാനമായൊരു പ്രദേശം, വാണിജ്യ ലാഭത്തിന് വേണ്ടി ദേശ സുരക്ഷാ നിയമങ്ങളില്‍ ഭേദഗതി ചെയ്തുവെന്നാണ് ദി ഗാര്‍ഡിയന്‍ വെളിപ്പെടുത്തുന്നത്.
ഗുജറാത്ത്- പാകിസ്താന്‍ അതിർത്തിയിൽ നിന്ന് 1 കിലോമീറ്റർ (0.6 മൈൽ) അകലെ റാൻ ഓഫ് കച്ചിലാണ് അദാനി ഗ്രൂപ്പ് സോളാർ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്ഥാപിക്കുന്നത്. ഗുജറാത്ത് സർക്കാർ പാട്ടത്തിനെടുത്ത ഭൂമിയായിരുന്നു ഇത്. സംഘര്‍ഷമുണ്ടാകാറുള്ള സർ ക്രീക്കിനോട് ചേർന്നാണ് റാൻ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത് തന്നെ. കച്ച് അതിർത്തിയിൽ നിന്ന് അടിക്കടി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.
റാൻ ഓഫ് കച്ചിലെ ഭൂമി, സൗരോർജ-കാറ്റാടി നിർമ്മാണത്തിന് ലഭ്യമാക്കാൻ പ്രോട്ടോകോളുകളിൽ ഇളവ് വരുത്തുന്നതിനായി ഗുജറാത്തിലെ ബിജെപി സർക്കാർ സമ്മര്‍ദം ചെലുത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 2023 ഏപ്രിലിന് മുമ്പ് ഗുജറാത്ത് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. പിന്നാലെ 2023 ഏപ്രിൽ 21ന് ഡൽഹിയിൽ സർക്കാർ രഹസ്യ യോഗം ചേർന്നു. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസും ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പുനരുപയോഗ ഊർജ്ജ മന്ത്രാലയവും ആ യോഗത്തില്‍ പങ്കെടുത്തതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനികര്‍ ആശങ്ക രേഖപ്പെടുത്തി. ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് ഇത്രയും വലിയ വ്യാവസായിക നിക്ഷേപങ്ങള്‍ നടത്തുന്നത് അബദ്ധമാണെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിക്കാതെ 2023മെയില്‍ കേന്ദ്രം ഇളവ് അനുവദിക്കുകയായിരുന്നു.
ഇത് ഇന്ത്യ-പാകിസ്താന്‍ അതിർത്തികളില്‍ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ എന്നിവയോട് ചേർന്നുള്ള അതിര്‍ത്തികളും പുതിയ തീരുമാനപ്രകാരം ഇളവ് ലഭിക്കും. നേരത്തെയുള്ള പ്രോട്ടോകോള്‍ പ്രകാരം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ വരെ റോഡുകൾക്കും ഗ്രാമങ്ങള്‍ക്കുമപ്പുറം വലിയ നിർമ്മാണങ്ങളൊന്നും അനുവദിച്ചിരുന്നില്ല.
അദാനിയുടെ കൈകളിലേക്ക് എത്തിയത് ഇങ്ങനെ...
പുനരുപയോഗ ഊര്‍ജ്ജ പദ്ധതി പ്രകാരം കാറ്റില്‍ നിന്ന് വൈദ്യുതി നിര്‍മ്മിക്കാന്‍ പൊതുമേഖല സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കാണ് (എസ്ഇസിഐ) ഗുജറാത്ത് സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പ്രതിരോധ മന്ത്രാലയം ഭേദഗതി ചെയ്ത നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍, ഗുജറാത്ത് സര്‍ക്കാരിന് ഭൂമി വിട്ടു നല്‍കി.
അതിർത്തി പ്രോട്ടോക്കോളുകളിലെ മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലെന്നും പദ്ധതി വാണിജ്യപരമായി ലാഭകരമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ് ഇസിഐ ഗുജറാത്ത് സർക്കാരിന് ഭൂമി തിരികെ നൽകിയത്. എന്നാല്‍ ഊർജ മന്ത്രി ആർ.കെ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി വിട്ടുനല്‍കാന്‍ എസ്ഇസിഐ പ്രേരിപ്പിച്ചതായും ഗാര്‍ഡിയന്‍ വെളിപ്പെടുത്തുന്നു. അതേസമയം എസ്ഇസിഐ കളംവിടും മുമ്പെ തന്നെ, അദാനി ഗ്രൂപ്പിന് ഇക്കാര്യങ്ങളൊക്കെ കുറിച്ച് വിവരമുണ്ടായിരുന്നുവെന്നാണ് ഗാര്‍ഡിയന്‍ വെളിപ്പെടുത്തുന്നത്.
പിന്നാലെ, പുതുക്കിയ അതിർത്തി പ്രോട്ടോക്കോളുകളുടെ പശ്ചാതലത്തില്‍ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് കമ്പനി, ഗുജറാത്ത് ഉദ്യോഗസ്ഥർക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇക്കാര്യം പരിഗണിച്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ, ഓഗസ്റ്റിൽ ഭൂമി അദാനിക്ക് വിട്ടുകൊടുക്കുകയായിരുന്നു. വേറെ ചില കമ്പനികള്‍ വന്നെങ്കിലും 'നേരത്തെ ഉറപ്പിച്ചതിനാല്‍' അദാനിക്ക് തന്നെ ലഭിക്കുകയായിരുന്നു. ഖാവ്ദ ഇപ്പോൾ 445 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പരന്നുകിടക്കുന്നത്. അതായത് പാരീസ് നഗരത്തിന്റെ നാലിരട്ടി വിസ്തീർണ്ണം. 30ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് പറയുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16