മഹാരാഷ്ട്രയിലും പെട്ടി വിവാദം; ഉദ്യോഗസ്ഥർ ബാഗുകൾ പരിശോധിച്ചെന്ന് ഉദ്ധവ് താക്കറെ
‘മോദിയുടെയും അമിത് ഷായുടെയും ബാഗുകൾ ഇതുപോലെ പരിശോധിക്കുമോ?’
മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ ബാഗുകൾ പരിശോധിച്ചെന്ന് ശിവ സേന (യുബിടി) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രചാരണത്തിനായി യവത്മാൽ ജില്ലയിലെത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥർ ബാഗുകൾ പരിശോധിച്ചത്. ഇത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും ബാഗുകൾ പരിശോധിക്കുമോയെന്ന് താക്കറെ ചോദിച്ചു.
വാണിയിൽ ഹെലികോപ്ടറിൽ പറന്നിറങ്ങിയപ്പോഴാണ് നിരവധി സർക്കാർ ഉദ്യോഗസ്ഥരെത്തി ബാഗുകൾ പരിശോധിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കാൻ താക്കറെ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ തനിക്ക് തെരഞ്ഞെടുപ്പ് അധികൃതരോട് വിരോധമൊന്നുമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അവർ അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. ഞാൻ എന്റെ ഉത്തരവാദിത്തവും നിർവഹിക്കും. പക്ഷെ, എന്റെ ബാഗുകൾ പരിശോധിച്ചത് പോലെ നിങ്ങൾ മോദിയുടെയും അമിത് ഷായുടെയും ബാഗുകൾ പരിശോധിക്കുമോ? മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും അജിത് പവാറിന്റെയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും ബാഗുകൾ ഈ രീതിയിൽ പരിശോധിക്കുമോ എന്നും താക്കറെ ചോദിച്ചു.
ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്. എന്നാൽ, ഇത് ജനാധിപത്യപരമായി ഞാൻ കാണുന്നില്ല, ഇത് ജനാധിപത്യമാകില്ല. ജനാധിപത്യത്തിൽ ആരും വലുതോ ചെറുതോ അല്ല. ഭരിക്കുന്ന മുന്നണിയുടെ നേതാക്കളുടെ ബാഗുകൾ തെരഞ്ഞെടുപ്പ് അധികൃതർ പരിശോധിച്ചില്ലെങ്കിൽ ശിവസേന (യുബിടി) പ്രവർത്തകരും മഹാ വികാസ് അഘാഡി സഖ്യത്തിലെ മറ്റു പാർട്ടികളും അവരെ പരിശോധിക്കും. ഇത്തരം സന്ദർഭങ്ങളിൽ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടരുത്. കാരണം ഭരണകക്ഷിയിലെ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുമ്പോൾ അവരുടെ ബാഗുകൾ പരിശോധിക്കാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
നവംബർ 20നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്. 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
Adjust Story Font
16