ശിവസേനയിലെ തര്‍ക്കം; നിർണായക നിലപാടുമായി ഷിൻഡെ പക്ഷം
പുതിയ പാർട്ടിയും ചിഹ്നവും സംബന്ധിച്ച നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ ഉടൻ നൽകേണ്ടതില്ലെന്ന് ഷിൻഡെ പക്ഷം തീരുമാനിച്ചു
മുംബൈ: ശിവസേനയ്ക്ക് ഉള്ളിലെ തർക്കത്തിൽ നിർണായക നിലപാടുമായി ഏക്നാഥ് ഷിൻഡെ പക്ഷം. പുതിയ പാർട്ടിയും ചിഹ്നവും സംബന്ധിച്ച നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ ഉടൻ നൽകേണ്ടതില്ലെന്ന് ഷിൻഡെ പക്ഷം തീരുമാനിച്ചു. എന്നാൽ ബാൽ താക്കറെയുടെ പേരിലുള്ള ശിവസേന എന്ന അംഗീകാരത്തിനായാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്‍റെ ശ്രമം.
ഇന്നലെ രാത്രി ചേർന്ന ഉന്നത തല യോഗത്തിലാണ് മറ്റൊരു പാർട്ടി പേരിനു വേണ്ടി ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ടത് ഇല്ലെന്ന് ഏക്നാഥ് ഷിൻഡെ പക്ഷം തീരുമാനിച്ചത്. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് ഉപ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഇല്ലാത്തതിനാൽ ആണ് ഈ തീരുമാനം. അന്തിമ വിധി വരുന്നത് വരെ പുതിയ ചിഹ്നത്തിനോ പാർട്ടി പേരിനോ ഏക്നാഥ് ഷിൻഡെ അനുകൂല ശിവസേന നേതൃത്വം ശ്രമിക്കില്ല. ഏറ്റവും കൂടുതൽ പാർട്ടി പ്രവർത്തകരും നേതാക്കളും തങ്ങൾക്ക് ഒപ്പം ഉണ്ടെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.
വ്യാജ സത്യവാങ്മൂലങ്ങൾ പൊലീസ് പിടിച്ചെടുത്തതോടെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് വഴങ്ങാൻ ഉദ്ധവ് താക്കറെ പക്ഷത്തിനെ പ്രേരിപ്പിച്ചത്. ത്രിശൂലമോ ഉദയ സൂര്യനോ ടോർച്ചോ ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിന് മറുപടി നൽകി. മരിച്ച മുൻ നേതാവ് ബാൽതാക്കറെയുടെ പേര് ഉൾപ്പെടുത്തിയ പുതിയ പാർട്ടി പേരും ഉദ്ധവ് പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്.
Adjust Story Font
16