Quantcast

'അവൻ എന്റെ സുഹൃത്ത്'; വിജയ്ക്ക് വിജയാശംസയുമായി ഉദയനിധി സ്റ്റാലിൻ

'ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം ഏറെ പ്രധാനമാണ്. അതിനോടുള്ള ജനങ്ങളുടെ സ്വീകാര്യതയും പ്രധാനമാണ്'- ഉദയനിധി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Oct 2024 2:50 PM GMT

Udhayanidhi wishes actor Vijay on New Party Big Rally
X

ചെന്നൈ: ജനസാ​ഗരത്തെ അണിനിരത്തി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്തിയ നടൻ വിജയ്ക്ക് വിജയാശംസയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിദി സ്റ്റാലിൻ. വിജയ് വർഷങ്ങളായി തന്റെ സുഹൃത്താണെന്നും പുതിയ യാത്രയിൽ അദ്ദേഹത്തിന് വിജയം നേരുന്നതായും ഉദയനിധി പറഞ്ഞു. ടിവികെയുടെ ആദ്യ സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഉദയനിദി സ്റ്റാലിൻ.

'വിജയ് വർഷങ്ങളായി എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. എൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയിൽ അദ്ദേഹമായിരുന്നു നടൻ. അടുത്ത സുഹൃത്തായി ഇപ്പോഴും തുടരുന്നു. ഈ പുതിയ യാത്രയിൽ അദ്ദേഹം വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു'- ഉദയനിധി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എന്താണ് ഡിഎംകെ നിലപാടെന്ന ചോദ്യത്തിന്, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും തടയുന്ന ഒരു നിയമവുമില്ലെന്നും പാർട്ടി തുടങ്ങാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഉദയനിധി പറഞ്ഞു. 'പല പാർട്ടികളും വന്നുപോയി, പക്ഷേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം ഏറെ പ്രധാനമാണ്. ആ പ്രത്യയശാസ്ത്രത്തോടുള്ള ജനങ്ങളുടെ സ്വീകാര്യതയും പ്രധാനമാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.

വില്ലുപുരത്തെ വിഴുപ്പുറം വിക്രവാണ്ടിയിലായിരുന്ന പതിനായിരങ്ങൾ ഒഴുകിയെത്തിയ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാനതല സമ്മേളനം. പരിപാടിയിൽ വിജയ് തന്റെ പാർട്ടിയുടെ രാഷ്ട്രീയനയം പ്രഖ്യാപിച്ചു. മതേതര സാമൂഹിക നീതിയാണ് പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്ന് ടിവികെ അധ്യക്ഷൻ വ്യക്തമാക്കി. പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലുനാച്ചിയാർ, അഞ്ചലൈ അമ്മാർ എന്നിവരാകും പാർട്ടി തലവന്മാരെന്നും താരം പറഞ്ഞു. ടിവികെ ആരുടെയും 'എ' ടീമും 'ബി' ടീമുമല്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും ടിവികെ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

തുടക്കക്കാരനെങ്കിലും രാഷ്ട്രീയത്തെ താൻ ഭയയ്ക്കുന്നില്ല. സിനിമയെ അപേക്ഷിച്ചു കൂടുതൽ ഗൗരവമേറിയ മേഖലയാണത്. രാഷ്ട്രീയ പ്രവേശം ബോധപൂർവം എടുത്ത തീരുമാനമാണ്. ഇനിയൊരു തിരിഞ്ഞുനോട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും പ്രസംഗത്തിൽ പരാമര്‍ശിച്ച് താൻ വന്നത് തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും വിജയ് സൂചിപ്പിച്ചു. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് കൂട്ടിച്ചേർത്തു. ആ​ഗസ്റ്റ് 22നാണ് താരം തമിഴക വെട്രി കഴകത്തിന്റെ പ്രഖ്യാപനം നടത്തിയത്.

TAGS :

Next Story