Quantcast

ശ്രീരാമന്റെയും ഹനുമാന്റെയും കുത്തകാവകാശം ബി.ജെ.പിക്കില്ല-ഉമ ഭാരതി

ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് താൻ പറയില്ലെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ലോധി സമുദായത്തോട് ഉമ ഭാരതി വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    30 Dec 2022 3:18 PM GMT

ശ്രീരാമന്റെയും ഹനുമാന്റെയും കുത്തകാവകാശം ബി.ജെ.പിക്കില്ല-ഉമ ഭാരതി
X

ഭോപ്പാൽ: ആർക്ക് വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനമെടുക്കാൻ മധ്യപ്രദേശിലെ ലോധി സമുദായത്തിലെ വോട്ടർമാർക്ക് ആഹ്വാനം നൽകിയതിനു പിന്നാലെ പാർട്ടി വിരുദ്ധ പരാമർശവുമായി മുതിർന്ന ബി.ജെ.പി നേതാവ് ഉമ ഭാരതി. ശ്രീരാമ-ഹനുമാൻ ഭക്തിയുടെ കുത്തകാവകാശം ബി.ജെ.പിക്കില്ലെന്ന് അവർ വ്യക്തമാക്കി. മധ്യപ്രദേശിൽ ഹനുമാൻ ക്ഷേത്രം നിർമിക്കുമെന്ന മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

ദേവന്മാരും ദേവതകളും ഏതെങ്കിലും ജാതിയുടേതോ മതത്തിന്റേതോ അല്ല. ശ്രീരാമനും ഹനുമാനും ബി.ജെ.പി പ്രവർത്തകരല്ല. ജനസംഘത്തിന്റെയും മുഗൾ-ബ്രിട്ടീഷ് ഭരണത്തിനും മുൻപുണ്ടായിരുന്നവരാണ് അവരെല്ലാം-ഉമ ഭാരതി പറഞ്ഞു.

അതേസമയം, ഹിന്ദുക്കൾ വീട്ടിൽ ആയുധം സൂക്ഷിക്കണമെന്ന പ്രഗ്യാ സിങ് താക്കൂറിന്റെ പ്രസ്താവനയെ ഉമ ഭാരതി പിന്തുണച്ചു. 'ആയുധം സൂക്ഷിക്കുന്നത് തെറ്റായ കാര്യമല്ല. എന്നു കരുതി, ആരും ആക്രമണ മനോഭാവമുള്ളവരാകരുത്.'-ഉമ ഭാരതി പ്രതികരിച്ചു.

'പഠാൻ' ചിത്രത്തിലെ തെറ്റായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അവർ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട ആവശ്യമില്ല. എന്നാൽ, കാവിയെ അപമാനിക്കുന്നത് പൊറുപ്പിക്കാനാകില്ലെന്നും ഉമ ഭാരതി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ലോധി സമുദായത്തോട് നടത്തിയ സമ്പർക്കത്തിൽ ഉമ ഭാരതി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് താൻ പറയില്ല. സാഹചര്യങ്ങളെല്ലാം നോക്കി ആർക്കു വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനിക്കണമെന്നായിരുന്നു നിർദേശം.

Summary: 'Devotion to Lord Ram and Hanuman are not BJP's copyright': says BJP senior leader Uma Bharti

TAGS :

Next Story