ഉമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാവും; നാളെ ഗവർണറെ കാണും
നാഷണൽ കോൺഫറൻസ് നിയമസഭാകക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം
ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കും. ഇന്ന് നടന്ന നാഷണൽ കോൺഫറൻസ് നിയമസഭാകക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം. നാളെ ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. മറ്റ് മുന്നണികളുടെ സ്ഥാനം നാളെ നടക്കുന്ന സഖ്യകക്ഷി യോഗത്തിൽ തീരുമാനിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന അജണ്ട തൽക്കാലം മാറ്റിവയ്ക്കുകയാണെന്നും മോദി സർക്കാർ കേന്ദ്രത്തിൽ ഉള്ളപ്പോൾ അത് സാധ്യമല്ലെന്നും, ഇപ്പോൾ മുൻഗണ കശ്മീരിന് സംസ്ഥാന പദവി തിരിച്ചുപിടിക്കാനാണെന്നും ഉമർ അബ്ദുല്ല പറഞ്ഞിരുന്നു.
90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. പിഡിപി മൂന്ന് സീറ്റുകൾ നേടി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16