'സ്വാഭാവിക നിയമനടപടി മാത്രം, നിയമവിരുദ്ധമായി ഒന്നുമില്ല'; ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
സ്വാതന്ത്ര്യദിനത്തിലാണ് ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയായിരുന്നു തീരുമാനം.
ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. പ്രതികളെ വിട്ടയച്ചത് സ്വാഭാവിക നിയമനടപടി മാത്രമാണെന്നും അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
''സർക്കാറും ബന്ധപ്പെട്ടവരുമാണ് ആ തീരുമാനമെടുത്തത്. അതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല, സ്വാഭാവികമായ നിയമനടപടി മാത്രമാണ്. അവർ കുറച്ചു സമയം ജയിലിൽ ചെലവഴിച്ചു, ഇനി അവർക്ക് മോചനത്തിന് അർഹതയുണ്ട്''-മന്ത്രിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സ്വാതന്ത്ര്യദിനത്തിലാണ് ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയായിരുന്നു തീരുമാനം. ജൂൺ 28നാണ് പ്രതികളെ വിട്ടയക്കാൻ അനുമതി തേടി ഗുജറാത്ത് സർക്കാർ കേന്ദ്രത്തെ സമീപിച്ചത്. ജൂലൈ 11ന് തന്നെ ഗുജറാത്ത് സർക്കാറിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നൽകി.
പ്രതികളുടെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിച്ചതെന്നാണ് ഗുജറാത്ത് സർക്കാർ കോടതിയിൽ നൽകിയ വിശദീകരണം. ജയിൽ മോചിതരായ പ്രതികളെ ഹാരാർപ്പണം നടത്തിയും മധുരം വിതരണം ചെയ്തുമാണ് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ സ്വീകരിച്ചത്.
Adjust Story Font
16