പാർലമെൻ്റ് ഉദ്ഘാടന വിവാദത്തിൽ കോൺഗ്രസിന് മറുപടിയുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി
കോൺഗ്രസിന് ദേശീയ വികാരമോ രാജ്യ പുരോഗതിയിൽ അഭിമാനമോ ഇല്ലെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി
ഡൽഹി: പാർലമെൻ്റ് ഉദ്ഘാടന വിവാദത്തിൽ കോൺഗ്രസിന് മറുപടിയുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. പാർലമെൻ്റിൻ്റെ അനക്സ് ഉദ്ഘാടനം ചെയ്തത് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയുമായിരുന്നു. കോൺഗ്രസ് ഇപ്പോള്‍ കാണിക്കുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെ കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചവർ ആണ് കോൺഗ്രസെന്നും കോൺഗ്രസിന് ദേശീയ വികാരമോ രാജ്യ പുരോഗതിയിൽ അഭിമാനമോ ഇല്ലെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 28-നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. മറ്റു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു. സഭയുടെ നാഥനല്ല, സർക്കാരിന്റെ തലവൻ മാത്രമാണ് പ്രധാനമന്ത്രി എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. ലോക്‌സഭാ സ്പീക്കറോ രാജ്യസഭാ ചെയർമാനോ മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അസദുദ്ദീൻ ഉവൈസി ചോദിച്ചിരുന്നു.
സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സവർക്കറുടെ ജന്മദിനത്തിൽ തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.
Adjust Story Font
16