Quantcast

യുപിയിലെ നരബലി: കൊലപാതകത്തിനു കാരണം അന്ധവിശ്വാസം, അഞ്ചുപേർ അറസ്റ്റിൽ

രണ്ടാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സ്കൂളിൻറെ അഭിവൃദ്ധിക്കും യശസ്സിനും വേണ്ടി

MediaOne Logo

Web Desk

  • Published:

    28 Sep 2024 2:57 PM GMT

SUMMARY: UP Class 2 Boy Sacrificed For Schools Success, Director, Staff Arrested, latest news malayalam, യുപിയിലെ നരബലി: കൊലപാതകത്തിനു കാരണം അന്ധവിശ്വാസം, അഞ്ചുപേർ അറസ്റ്റിൽ
X

ലഖ്നൗ: യുപിയിലെ ഹാഥ്‍റസിലെ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സ്‌കൂൾ ഉടമ ജശോധൻ സിങ്, ഇദ്ദേഹത്തിന്റെ മകനും സ്‌കൂൾ ഡയറക്‌ടറുമായിരുന്ന ദിനേഷ് ബാഗേൽ, മൂന്ന് അധ്യാപകർ എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികൾക്ക് അന്ധവിശ്വാസമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിനു കാരണമായതെന്നുമാണ് പൊലീസിന്റെ നി​ഗമനം. സഹപാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റാസ്‌ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം.

സ്കൂളിൻറെ അഭിവൃദ്ധിക്കും യശസ്സിനും വേണ്ടിയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പറഞ്ഞിരുന്നു. സെപ്തംബർ ആറിന് മറ്റൊരു ആൺകുട്ടിയെ നരബലി നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, കുട്ടി നിലവിളിച്ചതോടെ പദ്ധതി പാളി. പിന്നീട് നടന്ന വൈദ്യപരിശോധനയിൽ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

സെപ്തംബർ 22ന് സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന് സമീപം രണ്ടാം ക്ലാസുകാരനെ ബലി നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അവിടേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണർന്നപ്പോൾ പരിഭ്രാന്തരായ പ്രതികൾ സ്കൂളിനുള്ളിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അന്വേഷണത്തിൽ കുഴൽക്കിണറിന് സമീപം മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തിയിരുന്നു. അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരബലി നടത്തിയത്. ബാഗേലിൻ്റെ പിതാവ് മന്ത്രവാദത്തിലും താന്ത്രിക ആചാരങ്ങളിലും വിശ്വസിച്ചിരുന്നുവെന്നും കുട്ടിയെ ബലിയർപ്പിക്കുന്നത് വിജയവും പ്രശസ്തിയും നൽകുമെന്നും കരുതിയിരുന്നു. 600 ഓളം വിദ്യാർഥികൾ ഡിഎൽ പബ്ലിക് സ്കൂളിൽ പഠിക്കുന്നുണ്ട്. 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കൃഷൻ കുശ്വാഹയുടെ മകനാണ് കൊല്ലപ്പെട്ട വിദ്യാർഥി.

SUMMARY: UP Class 2 Boy "Sacrificed" For School's "Success", Director, Staff Arrested

TAGS :

Next Story