യു.പിയിൽ എസ്.ഐയുടെ വെടിയേറ്റ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു; അബദ്ധത്തിലെന്ന പൊലീസ് വാദം തള്ളി കുടുംബം
എസ്.ഐ രാജീവ് കുമാർ ജാമായ തോക്ക് ശരിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി യാക്കൂബിന്റെ തലയിൽ പതിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ലഖ്നൗ: ഉത്തർപ്രദേശിൽ സബ് ഇൻസ്പെക്ടറുടെ വെടിയേറ്റ് പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. അലിഗഢിലെ പൊലീസ് കോൺസ്റ്റബിൾ മുഹമ്മദ് യാക്കൂബ് ആണ് മരിച്ചത്. എസ്.ഐ രാജീവ് കുമാർ ജാമായ തോക്ക് ശരിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്നും ബുള്ളറ്റ് അദ്ദേഹത്തിന്റെ വയറിന്റെ ഒരുവശം തുളച്ച് നേരെ യാക്കൂബിന്റെ തലയിൽ പതിച്ചെന്നുമാണ് പൊലീസ് വിശദീകരണം. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
അലിഗഢിലെ ഒരു ഗ്രാമത്തിൽ അനധികൃത കന്നുകാലിക്കടത്തുകാരെ പിടിക്കാനുള്ള സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇരുവരും. റെയ്ഡിനിടെ സംഘത്തിൽപ്പെട്ട ഇൻസ്പെക്ടർ അസ്ഹർ ഹുസൈന്റെ സർവീസ് പിസ്റ്റൾ ജാമാവുകയും ഇത് എസ്.ഐ രാജീവ് കുമാർ ശരിയാക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് അപകടുണ്ടായതെന്നാണ് യു.പി പൊലീസ് പറയുന്നത്.
തലയ്ക്കു വെടിയേറ്റ കോൺസ്റ്റബിൾ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വയറിനു പരിക്കേറ്റ എസ്.ഐ രാജീവ് ചികിത്സിയിലാണ്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് യു.പി പൊലീസിന്റെ വാദം തള്ളുകയാണ് യാക്കൂബിന്റെ കുടുംബം. പൊലീസ് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് യാക്കൂബിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
യാക്കൂബിന് വെടിയേറ്റ നെറ്റിയുടെ മധ്യഭാഗത്തേക്ക് വിരൽ ചൂണ്ടി, 'വെടിയുണ്ട ഒരു പൊലീസുകാരൻ്റെ വയർ തുളച്ച് എങ്ങനെ അവിടെ പതിക്കും' എന്ന് അദ്ദേഹം ചോദിച്ചു. മകൻ്റെ മരണത്തിൽ ഔദ്യോഗിക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ, പൊലീസ് വാദത്തിൽ സംശയമുന്നയിച്ച ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം മേധാവിയുമായി അസദുദ്ദീൻ ഉവൈസി, അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
Adjust Story Font
16