'ഭാര്യ ദേഷ്യത്തിലാണ്, ദയവായി എന്‍റെ അവസ്ഥ മനസിലാക്കണം'; വൈറലായി പൊലീസുകാരന്റെ അവധി അപേക്ഷ
ഉത്സവ സീസണായാൽ ഏറ്റവും കൂടുതൽ ജോലിത്തിരക്കുണ്ടാകുന്ന വിഭാഗമാണ് പൊലീസ്
മുസഫർനഗർ: ദീപാവലിയോ ക്രിസ്മസോ എന്തുമാകട്ടെ, ഉത്സവ സീസണായാൽ ഏറ്റവും കൂടുതൽ ജോലിത്തിരക്കുണ്ടാകുന്ന വിഭാഗമാണ് പൊലീസ്. പതിവിൽ കൂടുതൽ ജോലിയുണ്ടാകുമെന്നതിനാൽ പൊലീസുകാർക്ക് ലീവൊന്നും സാധാരണ ലഭിക്കാറില്ല. പലപ്പോഴും വീട്ടുകാർക്കൊപ്പം ആഘോഷിക്കാൻ പൊലീസുകാർക്ക് അവസരവും ലഭിക്കാറില്ല. അത് പലപ്പോഴും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിലേക്കും നയിക്കാറുണ്ട്. അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കാൻ മേലുദ്യോഗസ്ഥന് പൊലീസുകാരൻ നൽകിയ അവധി അപേക്ഷയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ ഇൻസ്‌പെക്ടറായ അശോക് കുമാറാണ് ഹോളി ആഘോഷത്തിന് വേണ്ടി 10 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത്. വിവാഹം കഴിഞ്ഞനാൾ തൊട്ട് സ്വന്തം വീട്ടിൽ ഹോളി ആഘോഷിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഭാര്യയെന്നും ഇത്തവണയെങ്കിലും ആ ആഗ്രഹം സാധിപ്പിച്ചുകൊടുക്കണമെന്നും പൊലീസുകാരൻ പറയുന്നു.
'കഴിഞ്ഞ 22 വർഷമായി ഭാര്യക്ക് അവളുടെ വീട്ടിൽ ഹോളി ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അവൾ തന്നോട് വല്ലാത്ത ദേഷ്യത്തിലാണ്. ഇത്തവണ അങ്ങോട്ട് പോകണമെന്ന് വാശിപിടിക്കുകയാണ്. പക്ഷേ ലീവുകളില്ലാതെ എനിക്ക് പോകാൻ കഴിയില്ല. പ്രശ്‌നവും എന്റെ സാഹചര്യവും കണക്കിലെടുത്ത് ദയവായി 10 ദിവസത്തെ കാഷ്വൽ ലീവ് തരണം..' എന്നായിരുന്നു അവധി അപേക്ഷയിൽ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഏതായാലും പൊലീസുകാരന്റെ അവസ്ഥ മനസിലാക്കി എസ്.പി മാർച്ച് 4 മുതൽ ഇൻസ്‌പെക്ടർക്ക് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16