ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ തീരുമാനിക്കാൻ ഇന്ന് മഹാ ഖാപ് പഞ്ചായത്ത്
ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ 5 ദിവസത്തെ സമയമാണ് അന്തിമമായി ഗുസ്തി താരങ്ങൾ നൽകിയിരിക്കുന്നത്
ഗുസ്തിതാരങ്ങള്‍ കര്‍ഷക നേതാക്കള്‍ക്കൊപ്പം
ഡല്‍ഹി: ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ തീരുമാനിക്കാൻ മഹാ ഖാപ് പഞ്ചായത്ത് ഇന്ന്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ 5 ദിവസത്തെ സമയമാണ് അന്തിമമായി ഗുസ്തി താരങ്ങൾ നൽകിയിരിക്കുന്നത്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നിൽ നിന്ന് നയിക്കാൻ ആണ് കർഷക സംഘടനകൾ ഒരുങ്ങുന്നത്. കർഷക സംഘടനകൾ നൽകിയ ഉറപ്പിന്മേൽ ആണ് ഇന്നലെ മെഡലുകൾ ഗംഗയിൽ ഒഴുക്കാതെ താരങ്ങൾ മടങ്ങിയത്. ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പടെയുള്ള സമരപ്രഖ്യാപനങ്ങൾ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചർച്ച ചെയ്യും. മുൻപ് മേയ് 23ന് മുൻപ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക നേതാക്കൾ കൂടി ഭാഗമായ കായിക താരങ്ങളുടെ സമര ഉപദേശക സമിതി സമരം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് നടന്നില്ലെങ്കിൽ ഡൽഹിയുടെ അതിർത്തികൾ വളയാൻ ആയിരുന്നു അന്നത്തെ തീരുമാനം.
ടിക്രി, സിംഘു, ഗാസിയാബാദ് അതിർത്തികൾ ഉപരോധിക്കുന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. കർഷക സംഘടനയായ ബികെയുവിൻ്റെ നേതൃത്വത്തിൽ ആണ് കായിക താരങ്ങളുടെ സമരത്തിന് കർഷക സംഘടനകൾ പിന്തുണ നൽകുന്നത്. വനിതാ സംഘടനകളും താരങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആംആദ്മി പാർട്ടി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16