ശനിയാഴ്ച മാത്രം പാമ്പുകടിയേൽക്കുന്നതായി യുവാവ്; 40 ദിവസത്തിനിടെ ഏഴ് തവണ; അന്വേഷണം
ഇക്കാര്യം ചൂണ്ടിക്കാട്ടി അധികാരികളിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് യുവാവ്.
ലഖ്നൗ: എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കുക, ഓരോ തവണയും രക്ഷപെടുക, ഇങ്ങനെ കഴിഞ്ഞ 40 ദിവസത്തിനിടെ പാമ്പ് കടിച്ചത് ഏഴ് തവണ- പറഞ്ഞുവരുന്നത് യു.പി സ്വദേശിയായ 24കാരന്റെ വിചിത്രമായ പരാതിയെ കുറിച്ചാണ്. ഫത്തേപ്പൂർ സൗറ സ്വദേശിയായ വികാസ് ദുബെയാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികാരികളിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് യുവാവ്.
ഓരോ തവണയും ചികിത്സയ്ക്കായി വലിയ തുക ചെലവാകുന്നു എന്നുപറഞ്ഞാണ് യുവാവ് അധികാരികളെ സമീപിച്ചത്. ശനിയാഴ്‌ചകളിൽ മാത്രം ദുബെയ്‌ക്ക് പാമ്പ് കടിയേൽക്കുന്നു എന്ന വിചിത്ര പ്രതിഭാസം ഡോക്ടർമാരെയും അമ്പരപ്പിച്ചിക്കുകയാണ്. എന്നാൽ ദുബെയുടെ വാദം കണ്ണടച്ചുവിശ്വസിക്കാൻ അധികാരികൾ തയാറായിട്ടില്ല. പരാതിയുടെ സത്യാവസ്ഥയറിയാൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചീഫ് മെഡിക്കൽ ഓഫീസർ.
'നിരവധി തവണ പാമ്പ് കടിയേറ്റ താൻ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കിയതായെന്നു പറഞ്ഞ് യുവാവ് കലക്‌ട്രേറ്റിലെത്തി കരഞ്ഞു. തുടർന്ന് അധികാരികളോട് ധനസഹായം അഭ്യർഥിച്ചു. എന്നാൽ പാമ്പുകടിക്ക് സൗജന്യ ചികിത്സ കിട്ടുന്ന സർക്കാർ ആശുപത്രിയിൽ പോവാൻ ഞാൻ അയാളോട് പറഞ്ഞു'- ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് നയൻ ഗിരി പറഞ്ഞു. എല്ലാ ശനിയാഴ്ചകളിലും ഒരാൾക്ക് പാമ്പ് കടിയേൽക്കുന്നത് വളരെ വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
'യഥാർഥത്തിൽ അയാളെ കടിക്കുന്നത് പാമ്പ് തന്നെയാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. അയാളെ ചികിത്സിക്കുന്ന ഡോക്ടറാണ് അത് കണ്ടെത്തേണ്ടത്. എല്ലാ ശനിയാഴ്ചകളിലും ഒരാൾക്ക് പാമ്പ് കടിയേൽക്കുകയും ഒരേ ആശുപത്രിയിൽ പോവുകയും ചെയ്യുന്നു. ഓരോ തവണയും ഒരു ദിവസം കൊണ്ട് സുഖം പ്രാപിക്കുകയും ചെയ്യുന്നത് വിചിത്രമായി തോന്നുന്നു'- അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിനുശേഷം കാര്യത്തിൻ്റെ സത്യാവസ്ഥ ജനങ്ങളോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കടിക്കുന്നതു കൂടാതെ, പാമ്പ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നതായും ഇനിയും കടിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നതായും ദുബെ പറയുന്നു.
'ജൂൺ രണ്ടിന് വീട്ടിൽ വച്ച് പാമ്പ് കടിച്ചതാണ് ആദ്യം സംഭവം. എല്ലാ ശനിയാഴ്ചയും എന്നെ പാമ്പ് കടിക്കും. പാമ്പുകടിയുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഞാൻ സ്വപ്നം കാണുകയും ചെയ്തു. ഒമ്പത് തവണ എന്നെ കടിക്കുമെന്നും ഒമ്പതാം ശ്രമത്തിൽ എൻ്റെ ജീവനെടുക്കുമെന്നും എന്നെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും പാമ്പ് പറഞ്ഞു. ഒരു ഡോക്ടർക്കോ വൈദ്യനോ മന്ത്രവാദിക്കോ എൻ്റെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നും ഒമ്പതാം തവണയും എന്നെ കടിച്ചതിന് ശേഷം എന്നെയും കൂടെകൊണ്ടുപോകുമെന്നും പാമ്പ് പറഞ്ഞു'- വികാസ് ദുബെ അവകാശപ്പെട്ടു.
'പാമ്പ് കടിക്കുന്നതിന് മൂന്നോ നാലോ മണിക്കൂർ മുമ്പ് എനിക്ക് മുന്നറിയിപ്പ് ലഭിക്കും. ഞാൻ അതിനെക്കുറിച്ച് എൻ്റെ കുടുംബാംഗങ്ങളോട് പറയും. അവർ എന്നെ സംരക്ഷിക്കാൻ ശ്രമിക്കും'- ദുബെ കൂട്ടിച്ചേർത്തു. പാമ്പുകടി പതിവായതോടെ വീടുവിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കാൻ ദുബെയെ ചികിത്സിച്ച ഡോക്‌ടർ ഡോ. ജവഹർലാൽ ഉപദേശിച്ചു. ഇതനുസരിച്ച് അമ്മായിയുടെ വീട്ടിലും അമ്മാവന്റെ വീട്ടിലുമടക്കം പോയെങ്കിലും അവിടെ വച്ചും പാമ്പുകടിച്ചെന്നാണ് ഇയാളുടെ പരാതി.
Adjust Story Font
16