അക്കൗണ്ട് പരിശോധിച്ചപ്പോൾ 9,900 കോടിയുടെ നിക്ഷേപം; കണ്ണുതള്ളി യുവാവ്, പിന്നീട് സംഭവിച്ചത്....
ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ യുവാവിന്‍റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്
ലഖ്‌നൗ: അക്കൗണ്ട് മാറി പണം നിക്ഷേപിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഒരു യുവാവ് തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ബോധം കെട്ടില്ലന്നേയൊള്ളൂ..ആയിരവും പതിനായിരവുമല്ല,അക്കൗണ്ടിലെത്തിയത് 9,900 കോടി രൂപയായിരുന്നു. ഭാനു പ്രകാശ് എന്ന യുവാവിന്റെ അക്കൗണ്ടിലാണ് ഇത്രയധികം തുക ഒരുമിച്ചെത്തിയത്.
ഭാനു പ്രകാശ് ബറോഡ യുപി ബാങ്കുമായി ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ട് ഒന്നുകൂടി പരിശോധിക്കുകയും ചെയ്തു. സംഭവം സത്യമായിരുന്നു. 99,99,94,95,999.99 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാർ മൂലമാണ് ഇത്രയും പണം അക്കൗണ്ടിലെത്തിയതെന്ന് മനസിലായത്.
ഭാനു പ്രകാശിന്റെ അക്കൗണ്ട് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ലോൺ അക്കൗണ്ടാണ്. നിർഭാഗ്യവശാൽ ഈ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) മാറിയതാണ് പിഴവിന് കാരണമെന്നും ബാങ്ക് വ്യക്തമാക്കി. അക്കൗണ്ടിന്റെ എൻ.പി.എ സ്റ്റാറ്റസുമായി ബന്ധിപ്പിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ ബഗ് മൂലമാണ് ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയത്. പിഴവ് പരിഹരിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും ബാങ്ക് അറിയിച്ചു.
തുക ദുരുപയോഗംചെയ്യാതിരിക്കാനായി അക്കൗണ്ട് മരവിപ്പിച്ചതായും ബാങ്ക് മാനേജർ അറിയിച്ചു. ഭാനുപ്രകാശിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നും നടപടികളിൽ അദ്ദേഹം തൃപ്തനായിരുന്നുവെന്നും മാനേജർ അറിയിച്ചു.
Adjust Story Font
16