യു.പിയിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്കെതിരെ കേസ്
മുസഫർ നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗി വ്യാഴാഴ്ചയാണ് മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചത്.
മുസഫർനഗർ: യു.പിയിൽ മുസ്‌ലിം വിദ്യാർഥിയെ ക്ലാസ് മുറിയിൽവെച്ച് സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്കെതിരെ കേസ്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അധ്യാപിക തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ പരാതി നൽകാനില്ലെന്നും കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാൻ തങ്ങൾക്കാവില്ലെന്നും കുട്ടിയുടെ പിതാവായ ഇർഷാദ് ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം പരാതി നൽകിയത്. കുട്ടി മാനസികമായി തകർന്നിരിക്കുകയാണെന്ന് ഇർഷാദ് പറഞ്ഞു. കുട്ടിക്ക് കൗൺസിലിങ് നൽകുന്നുണ്ടെന്ന് മുസഫർനഗർ ജില്ലാ കലക്ടർ പറഞ്ഞു.
മുസഫർ നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗി വ്യാഴാഴ്ചയാണ് മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. ഐ.പി.സി സെക്ഷൻ 504 (ഒരാളെ അപമാനിക്കൽ), 323 (മനപ്പൂർവം വേദനിപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തത്.
കുട്ടിയെ അടിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അധ്യാപികക്കെതിരെ വൻ രോഷമുയർന്നിരുന്നു. തുടർന്ന് വിശദീകരണവുമായി അവർ രംഗത്തെത്തി. താൻ അംഗപരിമിതയാണ്. കഴിഞ്ഞ രണ്ടുമാസമായി കുട്ടി ഹോംവർക്ക് ചെയ്യാറില്ല. അതുകൊണ്ടാണ് മറ്റു കുട്ടികളോട് അടിക്കാൻ പറഞ്ഞതെന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം. എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അവർ പറഞ്ഞു.
Adjust Story Font
16