Quantcast

യു.പിയിൽ 'അനധികൃത' മദ്രസകളുടെ സർവേ നടത്താൻ നിർദേശം; അംഗീകാരമില്ലാത്തവ പൊളിച്ചുനീക്കും

നിലവിൽ 16,461 മദ്രസകളാണ് യു.പിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 560 മദ്രസകൾക്കാണ് സർക്കാർ ഗ്രാൻഡ് നൽകുന്നത്. കഴിഞ്ഞ ആറുവർഷമായി സർക്കാർ ഗ്രാൻഡ് ലഭിക്കുന്ന ലിസ്റ്റിൽ പുതുതായി മദ്രസകളെ ഉൾപ്പെടുത്തിയിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2022-09-01 11:05:04.0

Published:

1 Sep 2022 11:01 AM GMT

യു.പിയിൽ അനധികൃത മദ്രസകളുടെ സർവേ നടത്താൻ നിർദേശം; അംഗീകാരമില്ലാത്തവ പൊളിച്ചുനീക്കും
X

ലഖ്‌നോ: ഉത്തർപ്രദേശിൽ അനധികൃത മദ്രസകളുടെ സർവേ നടത്താൻ സർക്കാർ നിർദേശം. അധ്യാപകരുടെ എണ്ണം, കരിക്കുലം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിവരശേഖരണം നടത്തുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. അംഗീകാരമില്ലാത്ത മദ്രസകൾ പൊളിച്ചുനീക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

മദ്രസയുടെ പേര്, മദ്രസ നടത്തുന്ന കമ്മിറ്റിയുടെ വിവരങ്ങൾ, സ്വന്തം കെട്ടിടത്തിലാണോ അല്ലെങ്കിൽ വാടക കെട്ടിടമാണോ, അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണം, കുടിവെള്ള ലഭ്യത, വൈദ്യുതി കണക്ഷൻ, ഫർണിച്ചർ സൗകര്യം, ടോയ്‌ലെറ്റ് സൗകര്യം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. സർവേ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മറ്റേതെങ്കിലും സർക്കാറിതര സംഘടനകളിൽ മദ്രസകൾക്ക് അംഗീകാരമുണ്ടോയെന്നും അന്വേഷിക്കും.

നിലവിൽ 16,461 മദ്രസകളാണ് യു.പിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 560 മദ്രസകൾക്കാണ് സർക്കാർ ഗ്രാൻഡ് നൽകുന്നത്. കഴിഞ്ഞ ആറുവർഷമായി സർക്കാർ ഗ്രാൻഡ് ലഭിക്കുന്ന ലിസ്റ്റിൽ പുതുതായി മദ്രസകളെ ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കണക്കെടുപ്പ് മാത്രമാണ് നടക്കുന്നതെന്നും ഗ്രാൻഡ് ലഭിക്കുന്ന ലിസ്റ്റിൽ കൂടുതൽ മദ്രസകളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മദ്രസാ ബോർഡിന്റെ ഗ്രാൻഡ് ലഭിക്കാത്ത മദ്രസകൾ അംഗീകാരമില്ലാത്തവയെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കാനാണ് സർക്കാർ നീക്കം. അൽഖാഇദ ബന്ധമാരോപിച്ച് അസമിൽ മൂന്നു മദ്രസകൾ പൊളിച്ചുനീക്കിയിരുന്നു. ഇത് യു.പിയിലും തുടരാനാണ് സർക്കാർ ശ്രമം. അതേസമയം അസമിൽ മദ്രസകൾ പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

സർവേക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ചാണ് സർക്കാർ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. മദ്രസാ ബോർഡിന് കീഴിലുള്ള മുഴുവൻ മദ്രസകളുടെ വിവരങ്ങൾ സർക്കാറിന്റെ കയ്യിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം സ്വകാര്യ മദ്രസകൾ നടത്താൻ മുസ്‌ലിംകൾക്ക് അവകാശമുണ്ട്. അവിടെ സർവേ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത് ഒരു സമുദായത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story