Quantcast

ഭൂതർക്കത്തിനിടെ യു.പിയിൽ 60കാരനെ ട്രാക്ടർ കയറ്റിക്കൊന്നു; അക്രമം തടയാൻ ശ്രമിച്ച പൊലീസുകാർക്ക് പരിക്ക്

ലേലത്തിൽ ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം നേടാൻ പോയപ്പോഴായിരുന്നു തർക്കമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    4 Oct 2023 6:05 AM GMT

Uttar Pradesh man run over by tractor over land dispute
X

ലഖ്നൗ: ഭൂമി തർക്കത്തെ തുടർന്ന് യു.പിയിൽ വയോധികനെ ട്രാക്ടർ കയറ്റിക്കൊന്നു. ഫിറോസാബാദിൽ ചൊവ്വാഴ് വൈകുന്നേരമാണ് സംഭവം. 60കാരനായ ജ​ഗദീഷ് ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലേലത്തിൽ ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം നേടാൻ പോയപ്പോഴായിരുന്നു തർക്കമുണ്ടായത്. നർഖി മേഖലയിലെ ഫത്തേപുര നിവാസിയായ ജഗദീഷ് 2003ൽ ഗാർഹി കല്യാണിലെ ഒരു ഭൂമി ലേലത്തിൽ നേടിയിരുന്നുവെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് സർവേഷ് കുമാർ മിശ്ര പറഞ്ഞു.

എന്നാൽ, ഭൂമി കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ജഗദീഷിന്റെ പരാതിയെത്തുടർന്ന് തർക്കം പരിഹരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാനായി തഹസിൽദാർ സദർ പുഷ്കർ സിങ് ചൊവ്വാഴ്ച പൊലീസ് സംഘവുമായി ഗ്രാമത്തിലെത്തി.

എന്നാൽ ഉദ്യോ​ഗസ്ഥ സംഘം അവിടെ എത്തിയപ്പോഴേക്കും നേത്രപാൽ, ഇന്ദ്രവീർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകൾ ചേർന്ന് ജഗദീഷിനെ മർദിക്കുകയും ശരീരത്തിലൂടെ ട്രാക്ടർ ഓടിച്ചു കയറ്റുകയുമായിരുന്നെന്നും സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചെന്നും എസ്പി പറഞ്ഞു.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ, പൊലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾമാരായ രാധാറാണി, കോമൾ എന്നിവർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും നേത്രപാലും ഇന്ദ്രവീറും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മിശ്ര വ്യക്തമാക്കി.

TAGS :

Next Story