Quantcast

ലഖിംപൂരിൽ കർഷകർ മരിച്ച സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് വരുൺ ഗാന്ധി

നടപടി ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു

MediaOne Logo

Web Desk

  • Published:

    4 Oct 2021 5:32 AM GMT

ലഖിംപൂരിൽ കർഷകർ മരിച്ച സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് വരുൺ ഗാന്ധി
X

റോഹിങ്ക്യകള്‍ക്ക് ഇന്ത്യ അഭയം നല്‍കണമെന്ന് പറഞ്ഞ വരുണ്‍ ഗാന്ധിക്കെതിരെ ബിജെപി നേതൃത്വം

ലഖിംപൂരിൽ പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റി കർഷകർ മരിച്ച സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. നടപടി ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് വരുൺ ഗാന്ധി കത്തയച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും ട്വിറ്ററിൽ പരാതിയുടെ പകർപ്പിനൊപ്പം അദ്ദേഹം കുറിച്ചു.

കേന്ദ്രമന്ത്രിയുടെ മകനും 14 പേർക്കുമെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മന്ത്രിയുടെ മകൻ പ്രതിഷേധ സമരക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിലുണ്ടായിരുന്നുവെന്ന് കർഷകർ പറഞ്ഞിരുന്നു.

ഇതിനിടെ ലഖിംപൂരിലേക്ക് പുറപ്പെട്ട നേതാക്കളെയെല്ലാം യു.പി സർക്കാർ തടയുകയാണ്. യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞുവെക്കുകയും കാർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് അഖിലേഷും പ്രവർത്തകരും വസതിക്ക് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ലഖിംപൂരിലേക്ക് പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിലാണ്. സീതാപൂരിൽവെച്ച് ആസാദിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ലഖിംപൂരിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖിംപൂരിലേക്ക് പുറപ്പെട്ട ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്രയെയും പൊലീസ് തടഞ്ഞിട്ടുണ്ട്. സതീഷ് ചന്ദ്രയെ വീട്ടുതടങ്കലിലാക്കി എന്നാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല. വാഹന പരിശോധനക്കിടെ സഞ്ജയ് സിങിനെ തടയുകയായിരുന്നു.

ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രൺധാവയെയും വിമാനം ലാൻഡ് ചെയ്യാൻ അനുവദിക്കരുതെന്ന് യുപി സർക്കാർ നിർദേശം നൽകിയിരുന്നു. ലഖ്‌നൌ വിമാനത്താവള അധികൃതർക്കാണ് നിർദേശം നൽകിയത്. ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യു.പി പൊലീസ് നേതാക്കളെ തടയുന്നത്. എന്നാൽ ലഖിംപൂർ സന്ദർശിക്കുന്നത് എങ്ങനെയാണ് കുറ്റമാവുക എന്നാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ചോദ്യം.

TAGS :

Next Story