വസുന്ധര രാജെയല്ല, രാജസ്ഥാനിലും നരേന്ദ്രമോദി തന്നെ ബിജെപിയുടെ മുഖം
2023 തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം ബാക്കിനിൽക്കെ രാജസ്ഥാൻ ബിജെപി അധ്യക്ഷൻ നടത്തിയ പ്രസ്താവന ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്
ജയ്പൂർ: അടുത്തവർഷം രാജസ്ഥാനിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ബിജെപിയുടെ മുഖമെന്ന് സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ. 2023 ൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയാണ് പാർട്ടിയുടെ മുഖം, 2017 ലെ യുപി തെരഞ്ഞെടുപ്പിന്റെ മുഖം യോഗി ആദിത്യനാഥ് ആയിരുന്നില്ലല്ലോ ? രാജസ്ഥാൻ സംസ്ഥാന ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.
രാജസ്ഥാൻ ബിജെപിയിൽ ഏറ്റവും ജനപിന്തുണയുള്ള വസുന്ധര രാജെയെ തഴഞ്ഞ് പുതിയ തലമുറയിലെ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. 2018 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമായെങ്കിലും രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിറസാന്നിധ്യമാണ് വസുന്ധര രാജെ. അടുത്ത കാലത്തായി അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി അവർ രംഗത്തെത്തിയിരുന്നു.
അതേസമയം, ഇത് ആദ്യമായല്ല വസുന്ധര രാജെയെ ബിജെപി തഴയുന്നത്. 2018 ലെ തെരഞ്ഞെടുപ്പിൽ വസുന്ധര രാജെയെ ഉയർത്തികാട്ടാതെ നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങാൻ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനും ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നിർദേശം നൽകിയത് ചർച്ചയായിരുന്നു.
2023 തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം ബാക്കിനിൽക്കെ രാജസ്ഥാൻ ബിജെപി അധ്യക്ഷൻ നടത്തിയ പ്രസ്താവന ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.
summary : The BJP will fight next year's Rajasthan elections with Prime Minister Narendra Modi as its face, state unit chief Satish Poonia announced on Saturday, in what could be seen as a fresh snub to former Chief Minister Vasundhara Raje
Adjust Story Font
16