Quantcast

'രാജ്യത്തെ ചില പ്രദേശങ്ങൾ പ്രത്യേക വിഭാഗങ്ങളുടെ ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്നു; അണുബോംബ് പോലെ അപകടകരം'-ഉപരാഷ്ട്രപതി

പത്രങ്ങളിൽ തലക്കെട്ടാകാനും വിലകുറഞ്ഞ താൽപര്യങ്ങൾ നേടിയെടുക്കാനുമായി ദേശതാൽപര്യം ബലികഴിക്കാൻ മടിയില്ലാത്ത ചില രാഷ്ട്രീയക്കാരുണ്ടെന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    16 Oct 2024 6:45 AM GMT

രാജ്യത്തെ ചില പ്രദേശങ്ങൾ പ്രത്യേക വിഭാഗങ്ങളുടെ ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്നു; അണുബോംബ് പോലെ അപകടകരം-ഉപരാഷ്ട്രപതി
X

ജെയ്പൂർ: ജനസംഖ്യാ മാറ്റം അണുബോംബിനെപ്പോലെ അപകടകരമാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. രാജ്യത്തെ ചില ഭാഗങ്ങൾ പ്രത്യേക വിഭാഗങ്ങളുടെ കോട്ടയാക്കി മാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അർഥം തന്നെ ഇല്ലാതാക്കുന്ന ഈ നടപടി അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജെയ്പൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് ജനസംഖ്യാമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉപരാഷ്ട്രപതി എടുത്തിട്ടത്. ''ജനാധിപത്യത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്ന തരത്തിൽ ചില പ്രദേശങ്ങളെ, തകർക്കാനാകാത്ത ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്ന തന്ത്രപ്രധാനമായ മാറ്റം അപകടകരമാംവിധം സംഭവിക്കുന്നുണ്ട്. ജൈവികമോ പ്രകൃതിപരമോ ആയ ജനസംഖ്യാ മാറ്റത്തിൽ ഒരു ആശങ്കയുമില്ല. എന്നാൽ, ചില ലക്ഷ്യങ്ങൾ നേടാൻ വേണ്ടി പ്രത്യേക പ്രദേശങ്ങളിൽ 'തന്ത്രപരമായി' ജനസംഖ്യാമാറ്റം വരുത്തുന്നത് ഭയപ്പെടുത്തുന്നതാണ്. നമ്മുടെ ജനാധിപത്യത്തെയും നാഗരികമായ ധാർമികതയെയും മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള 'അസ്വസ്ഥപ്പെടുത്തുന്ന രീതി' കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടന്നുവരുന്നുണ്ട്.''-ജഗദീപ് ധൻകർ ആരോപിച്ചു.

''അപകടകരമാംവിധം ആശങ്കപ്പെടുത്തുന്ന ഈ വെല്ലുവിളി വ്യവസ്ഥാപിതമായി കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകും. ഇത്തരത്തിലുള്ള ജനസംഖ്യാ മാറ്റങ്ങളിലൂടെയും ജനസംഖ്യാ ഭൂകമ്പങ്ങളിലൂടെയും നൂറു ശതമാനവും സ്വത്വം നഷ്ടപ്പെട്ട രാജ്യങ്ങളുണ്ട്. അവയുടെ പേരെടുത്തു പറയേണ്ട ആവശ്യമില്ല.

സഹിഷ്ണുത നിറഞ്ഞവരും ശാന്തമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നവരുമാണു ഭൂരിപക്ഷസമൂഹമായ നമ്മൾ. മറ്റൊരു വിഭാഗം മൃഗീയവും ക്രൂരവും അശ്രദ്ധവുമായാണു പ്രവർത്തിക്കുന്നത്. മറുവിഭാഗത്തിന്റെ മൂല്യങ്ങളെയെല്ലാം തകർക്കുന്നതിലാണു അവർ വിശ്വസിക്കുന്നത്. അതുകൊണ്ട്, ജാതി, വർഗ, വർണ, സംസ്‌കാര, വിശ്വാസ, ഭക്ഷണ വൈജാത്യങ്ങളാൽ ഭിന്നിക്കപ്പെടാത്ത, ഒറ്റക്കെട്ടായൊരു സമൂഹത്തെ കെട്ടിപ്പടുക്കാനായി നമ്മൾ ഒന്നാകെ ആവേശത്തോടെ പ്രവർത്തിക്കണം.''-ജഗദീപ് ധൻകർ തുടർന്നു.

പത്രങ്ങളിൽ തലക്കെട്ടാകാനും വിലകുറഞ്ഞ താൽപര്യങ്ങൾ നേടിയെടുക്കാനുമായി ദേശതാൽപര്യം ബലികഴിക്കാൻ മടിയില്ലാത്ത ചില രാഷ്ട്രീയക്കാരുണ്ടെന്നും ഉപരാഷ്ട്രപതി ആരോപിച്ചു. നിയമത്തെയും രാജ്യത്തെയുമെല്ലാം വിലവയ്ക്കാത്ത ചിലർ ഭരണഘടനാ പദവികളിലുമെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയാധികാരത്തിനു വേണ്ടി ഭ്രാന്തന്മാരാകാൻ പാടില്ല. ജനങ്ങളിൽനിന്ന്, ജനാധിപത്യ പ്രക്രിയയിലൂടെ കൈവരുന്ന രാഷ്ട്രീയാധികാരത്തിനാണു പവിത്രതയുള്ളതെന്നും ജഗദീപ് ധൻക്കർ കൂട്ടിച്ചേർത്തു.

Summary: ‘Demographic disorder no less severe than nuclear bomb’: Vice-President Jagdeep Dhankhar

TAGS :

Next Story