Quantcast

'വിഭജനം സൃഷ്ടിക്കുന്നവർ പ്രത്യയശാസ്ത്ര ശത്രുക്കള്‍, ദ്രാവിഡ രാഷ്ട്രീയം ദുരുപയോഗം ചെയ്യുന്നവർ രാഷ്ട്രീയ ശത്രുക്കള്‍; ആരുടെയും എ ടീമും ബി ടീമുമല്ല'-നയം പ്രഖ്യാപിച്ച് വിജയ്

ടിവികെ ആരുടെയും 'എ' ടീമും 'ബി' ടീമുമല്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2024-10-27 16:32:50.0

Published:

27 Oct 2024 1:46 PM GMT

വിഭജനം സൃഷ്ടിക്കുന്നവർ പ്രത്യയശാസ്ത്ര ശത്രുക്കള്‍, ദ്രാവിഡ രാഷ്ട്രീയം ദുരുപയോഗം ചെയ്യുന്നവർ രാഷ്ട്രീയ ശത്രുക്കള്‍; ആരുടെയും എ ടീമും ബി ടീമുമല്ല-നയം പ്രഖ്യാപിച്ച് വിജയ്
X

ചെന്നൈ: വില്ലുപുരത്തെ വിഴുപ്പുറം വിക്രവാണ്ടിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിനിർത്തി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ രാഷ്ട്രീയനയം പ്രഖ്യാപിച്ച് നടൻ വിജയ്. മതേതര സാമൂഹിക നീതിയാണ് പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്ന് ടിവികെ അധ്യക്ഷൻ വ്യക്തമാക്കി. പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലുനാച്ചിയാർ, അഞ്ചലൈ അമ്മാർ എന്നിവരാകും പാർട്ടി തലവന്മാരെന്നും താരം പറഞ്ഞു. ടിവികെ ആരുടെയും 'എ' ടീമും 'ബി' ടീമുമല്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും ടിവികെ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തിൽ താനൊരു കുഞ്ഞാണെന്നു പറഞ്ഞാണ് രാഷ്ട്രീയ പ്രഖ്യാപനങ്ങളിലേക്കു കടന്നത്. തുടക്കക്കാരനെങ്കിലും രാഷ്ട്രീയത്തെ താൻ ഭയയ്ക്കുന്നില്ല. സിനിമയെ അപേക്ഷിച്ചു കൂടുതൽ ഗൗരവമേറിയ മേഖലയാണത്. രാഷ്ട്രീയ പ്രവേശം ബോധപൂർവം എടുത്ത തീരുമാനമാണ്. ഇനിയൊരു തിരിഞ്ഞുനോട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ടിവികെയെ മറ്റേതെങ്കിലും കക്ഷികളുടെ 'ബി' ടീം ആക്കാനുള്ള ശ്രമം വേണ്ടെന്നും വിജയ് വ്യക്തമാക്കി. 'എ' ടീം, 'ബി' ടീം എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളിലൂടെ ടിവികെ എന്ന സൈന്യത്തെ പരാജയപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ വിഭജനം പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാകും ടിവികെയുടെ പ്രത്യയശാസ്ത്ര ശത്രുവെങ്കിൽ, ദ്രാവിഡ രാഷ്ട്രീയം മുന്നോട്ടുവച്ച് പെരിയാറിന്റെ പാരമ്പര്യത്തെ ദുരുപയോഗം ചെയ്യുന്നവരാകും തങ്ങളുടെ രാഷ്ട്രീയശത്രുവെന്ന് ബിജെപിയെയും ഡിഎംകെയെയും സൂചിപ്പിച്ച് വിജയ് വ്യക്തമാക്കി. പെരിയാറിന്റെ പേരും ദ്രാവിഡ മോഡലും പറഞ്ഞ് ഒരു കുടുംബം ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. നിലവിലെ തമിഴ്‌നാട് സർക്കാർ ദ്രാവിഡ മാതൃക പറഞ്ഞ് ജനവിരുദ്ധ നയങ്ങളുമായി ജനങ്ങളെ കബളിപ്പിക്കുന്നു. ടിവികെയിൽ എല്ലാവരും സമന്മാരാകുമെന്നും ഭാരവാഹികൾ, കേഡർമാർ എന്ന വേർതിരിവുണ്ടാകില്ലെന്നും താരം വ്യക്തമാക്കി.

ഡിഎംകെ സ്ഥാപകനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി.എൻ അണ്ണാദുരൈയുടെ 'ഒരു കുലം, ഒരുവനേ ദേവൻ'(ഒരു സമുദായം, ഒരൊറ്റ ദൈവം) എന്ന പ്രയോഗവും വിജയ് കടമെടുത്തു. തമിഴ് ജനതയ്ക്കിടയിൽ ഐക്യവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാനാകും പാർട്ടിയുടെ ശ്രമങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. പാർട്ടിയുടെ പ്രത്യശാസ്ത്ര ഉപദേഷ്ടാക്കളായി സ്ത്രീകളെത്തുമെന്നും പ്രഖ്യാപനമുണ്ടായി. വെറുംവാക്കുകൊണ്ട് കാര്യമില്ല, പ്രവർത്തിച്ചു കാണിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.

ഇന്നു വൈകീട്ട് നാലു മണിയോടെയായിരുന്നു വിക്രവാണ്ടിയിലെ വിശാലമായ മൈതാനത്ത് ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചത്. വിജയ്‌യെ കേൾക്കാനും പാർട്ടി നയപ്രഖ്യാപനത്തിനു കാതോർക്കാനും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മണിക്കൂറുകൾക്കുമുൻപേ മൈതാനത്ത് ഇരിപ്പുറപ്പിച്ച ജനങ്ങൾക്കു നടുവിലേക്ക് നാലു മണിയോടെയാണ് വിജയ് സിനിമാ സ്‌റ്റൈലിൽ കൈവീശി എത്തിയത്. 60 അടിയുള്ള റാമ്പിലൂടെ മുന്നോട്ടു നടന്ന് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. 110 അടിയുള്ള കൊടിമരത്തിനു മുകളിൽ ടിവികെയുടെ പാർട്ടി പതാക ഉയർത്തി. പാർട്ടിയുടെ നയപ്രഖ്യാപനവും വേദിയിൽ നടക്കും.

2024 ഫെബ്രുവരി രണ്ടിനായിരുന്നു തമിഴക വെട്രി കഴകം എന്ന പേരിൽ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിലാണ് ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനുശേഷമായിരുന്നു അംഗീകാരം. ആഗസ്റ്റിലാണ് പാർട്ടി പതാക പുറത്തുവിട്ടത്. മഞ്ഞയും ചുവപ്പുനിറങ്ങളിൽ നടുവിൽ ആനകളും വാകപ്പൂവും ആലേഖനം ചെയ്തതാണു പതാക.

Summary: In his maiden speech in Tamilaga Vettri Kazhagam (TVK)'s first state conference, Vijay takes veiled dig at BJP, DMK, corruption, exudes confidence of 2026 Assembly poll win

TAGS :

Next Story