'എന്തുകൊണ്ട് മൗനം പാലിക്കുന്നു? ഭയമാണോ?' ക്രിക്കറ്റ് താരങ്ങളോട് വിനേഷ് ഫോഗട്ട്
'സ്‌പോൺസർഷിപ്പിനെയും ബ്രാൻഡ് ഡീലുകളേയും ബാധിക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ടാവാം'
Vinesh Phogat
ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ച് കായിക താരങ്ങള്‍ എന്തുകൊണ്ടാണ് ഒരു പ്രതികരണവും നടത്താത്തതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. രാജ്യം മുഴുവൻ ക്രിക്കറ്റിനെ ആരാധിക്കുന്നു. പക്ഷേ ഒരു ക്രിക്കറ്റ് താരം പോലും പ്രതികരിച്ചില്ലെന്ന് വിനേഷ് ഫോഗട്ട് വിമര്‍ശിച്ചു.
"നിങ്ങൾ ഞങ്ങൾക്ക് അനുകൂലമായി സംസാരിക്കണമെന്നല്ല ഞങ്ങൾ പറയുന്നത്. കുറഞ്ഞത് നിഷ്പക്ഷമായ സന്ദേശമെങ്കിലും നൽകുക. നീതി നടപ്പാക്കണമെന്നെങ്കിലും പറയാം. ഇതാണ് എന്നെ വേദനിപ്പിക്കുന്നത്. ക്രിക്കറ്റ്, ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ്, ബോക്‌സിങ്... ആരുമാകട്ടെ"- വിനേഷ് ഫോഗട്ട് പറഞ്ഞു.
അമേരിക്കയില്‍ ആരംഭിച്ച 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രസ്ഥാനം വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള കായികതാരങ്ങൾ വംശീയതയ്ക്കും വിവേചനത്തിനും എതിരെ പോരാടാന്‍ ഒന്നിക്കുന്നത് കണ്ടു. നമ്മുടെ രാജ്യത്തും വലിയ കായികതാരങ്ങളുണ്ട്. ക്രിക്കറ്റ് കളിക്കാരുണ്ട്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളെ അവർ പിന്തുണച്ചു. ഗുസ്തി താരങ്ങള്‍ അത്രയും അർഹിക്കുന്നില്ലേയെന്നും വിനേഷ് ഫോഗട്ട് ചോദിച്ചു.
താനും ബജ്‌റംഗ് പുനിയയും തുറന്ന കത്തിലൂടെ കായികതാരങ്ങളോട് പ്രതികരിക്കാന്‍ അഭ്യര്‍ഥിച്ചതാണെന്ന് വിനേഷ് പറഞ്ഞു- "അവർ എന്തിനെയാണ് ഭയപ്പെടുന്നതെന്ന് ഞങ്ങൾക്കറിയില്ല. ഇത് അവരുടെ സ്‌പോൺസർഷിപ്പിനെയും ബ്രാൻഡ് ഡീലുകളേയും ബാധിക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം അവർ പ്രതിഷേധിക്കുന്ന കായികതാരങ്ങളുമായി ഐക്യപ്പെടാന്‍ മടിക്കുന്നത്. അതെന്നെ വേദനിപ്പിക്കുന്നു. ഞങ്ങൾ മെഡല്‍ നേടുമ്പോള്‍ അഭിനന്ദിക്കാൻ നിങ്ങൾ മുന്നോട്ട് വരും. ക്രിക്കറ്റ് താരങ്ങൾ പോലും ട്വീറ്റ് ചെയ്യാറുണ്ട്. ഇപ്പോൾ എന്താണ് സംഭവിച്ചത്? നിങ്ങൾക്ക് ഭരണ സംവിധാനത്തെ ഇത്ര ഭയമാണോ?"
കായിക താരങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറത്തേക്ക് നോക്കുകയും അവരുടെ മനസ്സാക്ഷിയോട് ചോദിക്കുകയും വേണമെന്ന് വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടു- "സോഷ്യൽ മീഡിയയില്‍ നിന്ന് പുറത്തുവന്ന് പ്രതികരിക്കണം. ഇപ്പോള്‍ ഞങ്ങളെ കേൾക്കാൻ ധൈര്യമില്ലാത്ത കായികതാരങ്ങൾ ഭാവിയിൽ ഞങ്ങള്‍ മെഡൽ നേടിയാലും അഭിനന്ദിക്കരുത്. ഞങ്ങളുടെ കഴിവുകളിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെന്ന് പറയരുത്. നിങ്ങൾ ഇപ്പോൾ ഞങ്ങളെ സംശയിക്കുകയാണ്".
പല രാഷ്ട്രീയ നേതാക്കളും ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് എത്തിയപ്പോൾ, ഗുസ്തി താരങ്ങളുടെ സമരത്തിന് കായികരംഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചില്ല. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് 'അവർക്ക് എന്നെങ്കിലും നീതി ലഭിക്കുമോ?' എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുകയുണ്ടായി. ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്. ഏഴു പേരാണ് ബ്രിജ് ഭൂഷനെതിരെ പീഡന പരാതി ഉന്നയിച്ചത്. ജന്തര്‍ മന്തറിലെ സമരം ആറാം ദിവസത്തിലെത്തി. പൊലീസ് കേസടുക്കാത്തതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച പരാതി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
Adjust Story Font
16