ഒടുവില്‍ 'കൈ' പിടിച്ച് ജുലാന; 19 വര്‍ഷത്തിന് ശേഷം മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലീഡ്
തുടക്കം മുതല്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ ഫോഗട്ടാണ് ലീഡ് ചെയ്യുന്നത്
ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് വമ്പന്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ കൈവിട്ട ജുലാന മണ്ഡലം ഇത്തവണ പാര്‍ട്ടിക്കൊപ്പമാണ്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ തന്നെ മണ്ഡലം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഗുസ്തിതാരം വിനേഷ് ഫോഗട്ടാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഒളിമ്പിക്സില്‍ കപ്പിനും ചുണ്ടിനുമിടയില്‍ മെഡല്‍ നഷ്ടപ്പെട്ട വിനേഷ് തെരഞ്ഞെടുപ്പ് ഗോദയില്‍ കരുത്ത് കാട്ടിയിരിക്കുകയാണ്. തുടക്കം മുതല്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ ഫോഗട്ടാണ് ലീഡ് ചെയ്യുന്നത്.
ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി. നിലവിലെ ജുലാന എംഎൽഎയും ജനനായക് ജനതാ പാർട്ടി (ജെജെപി) സ്ഥാനാർഥി അമർജീത് ധണ്ഡയും ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർഥിയും ഗുസ്തി താരവുമായ കവിതാ ദലാൽ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
വോട്ടെടുപ്പ് ദിനമായ ശനിയാഴ്ച, മാറ്റത്തിൻ്റെ ദിവസമാണെന്ന് പറഞ്ഞ് തങ്ങളുടെ ശക്തി തിരിച്ചറിയാനും വോട്ടവകാശം വിനിയോഗിക്കാനും വിനേഷ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. “ഹരിയാനയിലെ ജനങ്ങൾക്ക് കോൺഗ്രസിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ട്. എല്ലാവരും വോട്ട് ചെയ്യണം'' ചർഖി ദാദ്രി ജില്ലയിലെ ബലാലിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോഗട്ട് പറഞ്ഞു. ബിജെപിയുടെ 10 വർഷത്തെ ഭരണത്തിൽ ഹരിയാനയിലെ ജനങ്ങൾ മടുത്തുവെന്നും കർഷകർക്കും ഗുസ്തിക്കാർക്കുമെതിരെ പാർട്ടി അതിക്രമങ്ങൾ നടത്തുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.
Adjust Story Font
16