ബിജെപിയെ അധികാരത്തിൽ എത്തിക്കൂ, മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിതൂക്കാം: അമിത് ഷാ
പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിൽ തൊടാൻ പോലും കോൺഗ്രസിനും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കും ധൈര്യമില്ലെന്ന് അമിത് ഷാ പറഞ്ഞു. പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
റായ്‌ഗഞ്ച് ബിജെപി സ്ഥാനാർഥി കാർത്തിക് പോളിനെ പിന്തുണച്ച് ബംഗാളിലെ ഉത്തർ ദിനാജ്‌പൂർ ജില്ലയിലെ കരണ്ടിഗിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ മമതക്ക് കഴിയില്ലെന്നും അത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ കഴിയുകയുള്ളൂ എന്നും അമിത് ഷാ പറഞ്ഞു. ''കഴിഞ്ഞ തവണ നിങ്ങൾ ഞങ്ങൾക്ക് 18 സീറ്റ് തന്നു. പകരം മോദിജി രാമക്ഷേത്രം തന്നു. ഇത്തവണ 35 സീറ്റ് തരൂ, ഞങ്ങൾ നുഴഞ്ഞുകയറ്റം നിർത്തിത്തരാം'"; അമിത് ഷാ പറയുന്നു.
ഈ തിരഞ്ഞെടുപ്പ് സീസണിൽ ബംഗാളിൽ വലിയ ചർച്ചാവിഷയമായി ഉയർന്നുവന്ന സന്ദേശ്ഖാലി തർക്കത്തെയും അമിത്പ ഷാ പരാമർശിച്ചു. സന്ദേശ്ഖാലിയിൽ, മമത ബാനർജി സ്ത്രീകളെ പീഡിപ്പിക്കാൻ അനുവദിച്ചു. അവരുടെ വോട്ടുബാങ്ക് സംരക്ഷിക്കാനായിരുന്നു അത്. എന്നാൽ, ഹൈക്കോടതി ഇടപെട്ടു, ഇന്ന് ആ പ്രതികൾ ജയിലിലാണ്.
ക്രമക്കേടുകൾ ആരോപിച്ച് സർക്കാർ സ്‌കൂൾ ജീവനക്കാരുടെ 25,000 നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവും അമിത് ഷാ ചൂണ്ടിക്കാട്ടി. തൃണമൂലിന്റെ അഴിമതി കാരണം ജനങ്ങൾ കഷ്‌ടപ്പെടുകയാണ്. ടിഎംസി നേതാക്കളുടെ വീടുകൾ നോക്കൂ. ഓട് മേഞ്ഞ മേൽക്കൂരയിൽ താമസിക്കുന്നവർക്ക് ഇന്ന് നാല് നിലകളുള്ള വീടുണ്ട്, കാറുകളിൽ കറങ്ങുന്നു. ഇത് ജനങ്ങളുടെ പണമാണ്. ബി.ജെ.പിക്ക് വോട്ടുനൽകിയാൽ മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്നും ഷാ പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ വടക്കൻ ബംഗാളിൽ കേന്ദ്രം എയിംസ് സ്ഥാപിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.
കഴിഞ്ഞ ദിവസം റായ്ഗഞ്ചിലും കുമാർഗഞ്ചിലും നടന്ന റാലികളിൽ ആദ്യഘട്ട വോട്ടെടുപ്പിലെ പരാജയം തിരിച്ചറിഞ്ഞ് ബിജെപി പരിഭ്രാന്തിയിലാണെന്ന് മമത ബാനർജി പരിഹസിച്ചിരുന്നു.പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. പിന്നാലെയാണ് രൂക്ഷ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്.
Adjust Story Font
16