Quantcast

'അയോധ്യ ക്ഷേത്രസമിതിയിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ?' വൈറലായി കെ.സി വേണുഗോപാലിന്റെ പ്രസംഗം

"ഇപ്പോൾ നിങ്ങൾ മുസ്‌ലിംകളുടെ പിറകെ പോയി. അടുത്തത് നിങ്ങൾ ക്രിസ്ത്യാനികളുടെ പിറകെ പോകും. പിന്നീട് ജെയ്‌നരുടെയും"

MediaOne Logo

Web Desk

  • Published:

    8 Aug 2024 11:27 AM GMT

kc venugopal
X

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് കോൺഗ്രസ് എംപി കെ.സി വേണുഗോപാൽ പാർലമെന്റിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറൽ. ബിൽ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങൾക്കും എതിരാണെന്ന് വേണുഗോപാൽ തുറന്നടിച്ചു. അയോധ്യ, ഗുരുവായൂർ ക്ഷേത്ര ഭരണസമിതികളിൽ അഹിന്ദുക്കൾക്ക് ഇടം നൽകുമോ എന്നും അദ്ദേഹം ചോദിച്ചു. നിരവധി പേരാണ് കോൺഗ്രസ് നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

'നമ്മൾ ഇന്ത്യയുടെ സംസ്‌കാരത്തിലും പൈതൃകത്തിലും വിശ്വസിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസത്തെ പരസ്പരം ബഹുമാനിക്കുന്നു. നമ്മൾ ഹിന്ദുക്കളാണ്. ഹിന്ദുക്കളെന്ന നിലയിൽ മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ ഈ ബിൽ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണ്. ഈ ബില്ലിലൂടെ മതസ്വാതന്ത്ര്യത്തിന്റെ അടിത്തറ തോണ്ടുകയാണ് കേന്ദ്രസർക്കാർ. ഈ വിഭജന രാഷ്ട്രീയത്തെ രാജ്യത്തെ ജനം അംഗീകരിക്കില്ല. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ മുമ്പിൽക്കണ്ടുള്ളതാണ് ഈ ബിൽ. ഇന്ത്യയിലെ ജനങ്ങളെ മനസ്സിലാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ നിങ്ങളെ അവർ പാഠം പഠിപ്പിച്ചതാണ്. അതേ പരീക്ഷണം തന്നെയാണ് നിങ്ങൾ ആവർത്തിക്കുന്നത്. ഇത് ഫെഡറൽ സംവിധാനത്തിനെതിരെയുള്ള ആക്രമണമാണ്. വഖഫ് സ്വത്തുക്കൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്.' - വേണുഗോപാൽ പറഞ്ഞു.



അഹിന്ദുക്കൾക്ക് വഖഫ് ബോർഡുകളിൽ അംഗത്വം നൽകുന്ന ബില്ലിലെ വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. ഇത് മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

'വിശ്വാസികളിൽനിന്നാണ് വഖഫ് സംഭാവനകൾ ഉണ്ടാകുന്നത്. വഖഫ് ഗവേണിങ് കൗൺസിലിൽ മുസ്‌ലിമേതര അംഗങ്ങൾക്ക് അവസരം അനുവദിക്കുന്ന വകുപ്പുണ്ട് ഈ ബില്ലിൽ. ഞാൻ സർക്കാറിനോട് ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. അയോധ്യ വിഷയത്തിൽ സുപ്രിംകോടതി ഒരു ബോർഡ് ഉണ്ടാക്കിയിട്ടുണ്ട്. അയോധ്യ മന്ദിറിന്റെ ഭാഗമായി ഏതെങ്കിലും അഹിന്ദുക്കൾ ഉണ്ടാകുന്നത് ആർക്കെങ്കിലും ചിന്തിക്കാനാകുമോ? ദേവസ്വം ബോർഡിനു കീഴിലുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗായി ഏതെങ്കിലും അഹിന്ദുക്കള്‍ ഉണ്ടാകുമോ? ഈ വ്യവസ്ഥ മതസ്വാതന്ത്ര്യത്തിനു നേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്. ഇപ്പോൾ നിങ്ങൾ മുസ്‌ലിംകളുടെ പിറകെ പോയി. അടുത്തത് നിങ്ങൾ ക്രിസ്ത്യാനികളുടെ പിറകെ പോകും. പിന്നീട് ജൈനരുടെയും പാഴ്‌സികളുടെയും പിറകെ പോകും.' - വേണുഗോപാൽ പറഞ്ഞു.

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സുദിപ് ബന്ദോപാധ്യായ, എൻസിപി എംപി സുപ്രിയ സുലെ, ഡിഎംകെ എംപി കനിമൊഴി, ആർഎസ്പി എംപി എൻകെ പ്രേമചന്ദ്രൻ, മുസ്‌ലിംലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീർ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ ബില്ലിലെ ഭേദഗതിയെ എതിർത്തു സംസാരിച്ചു.

അതേസമയം, ഭേദഗതി വ്യവസ്ഥകൾ മുസ്‌ലിം സമുദായത്തെ ബാധിക്കില്ലെന്ന് ന്യൂനപക്ഷ വകുപ്പുമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇത്രയും കാലം വഖഫിനു വേണ്ടി കോൺഗ്രസ് സർക്കാറുകൾ ഒന്നും ചെയ്തിട്ടില്ല. സാധാരണക്കരായ മുസ്‌ലിംകൾക്കു വേണ്ടിയാണ് ഈ ഭേദഗതികൾ. അവരുടെ പ്രാർഥന തങ്ങൾക്കൊപ്പമുണ്ടായിരിക്കും. ആരുടെയും മതസ്വാതന്ത്ര്യത്തിൽ കൈകടത്തില്ല. നീതി അവകാശപ്പെട്ടവർക്ക് നൽകുകയാണ് ചെയ്യുന്നത്. വഖഫ് ഭൂമി ചില മാഫിയകളുടെ കൈയിലാണ്. വിഷയത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. രാജ്യത്തെ എല്ലാ മുസ്‌ലിം വിഭാഗക്കാരുടെയും ശബ്ദം തങ്ങളാണ് എന്നാണ് സഭയിലെ ചിലരുടെ വിചാരം. സംസ്ഥാന വഖഫ് ബോർഡുകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ബില്ലിന് രൂപം നൽകിയത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ ബിൽ സംയുക്ത പാർലമെന്ററി സമിതി(ജെപിസി)ക്ക് വിട്ടു.

TAGS :

Next Story