'സ്നേഹാഘോഷങ്ങള്‍ക്ക് അതിര്‍ത്തിയില്ല'; സിദ്ദു മൂസേവാലയുടെ ഗാനത്തിന് ചുവടുവെച്ച് കൈവീശി ചിരിച്ച് ഇന്ത്യ-പാക്ക് സൈനികര്‍
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യ-പാക്ക് സൈനികരുടെ ഒരുമിച്ചുള്ള ആവേശ നൃത്തം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിനും സൗഹൃദങ്ങള്‍ക്കും അതിര്‍ത്തി വരക്കുന്ന കാലത്ത് ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ നിന്നുള്ള ഒരു സ്നേഹാഘോഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യ-പാക്ക് സൈനികരുടെ ഒരുമിച്ചുള്ള ആവേശ നൃത്തം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊല്ലപ്പെട്ട പഞ്ചാബി ഹിറ്റ് ഗായകന്‍ സിദ്ദു മൂസേവാലയുടെ ഗാനത്തിനാണ് ഇരുരാജ്യങ്ങളുടെയും സൈനികര്‍ ചുവടുകള്‍ വെക്കുന്നതെന്നത് കണ്ണീര്‍ നിറഞ്ഞ സ്നേഹ ഓര്‍മ്മയാണ് കാഴ്ച്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. യുനെസ്കോ ചെയര്‍പേഴ്സണും എഴുത്തുകാരനുമായ അശോക് സ്വൈനാണ് ഹൃദയം തൊടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല ഇക്കഴിഞ്ഞ മെയ് 29നാണ് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കൊല്ലപ്പെടുന്നത്.പഞ്ചാബ് സര്‍ക്കാര്‍ സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. സിദ്ദു മൂസേവാസ പാടിയ 'ബംബിഹ ബോലെ' എന്ന ഗാനമാണ് സൈനികര്‍ ഉയരെ കേള്‍പ്പിച്ച് കൈവീശി ചുവടുവെച്ചത്. 'പ്രശ്നം ജനങ്ങള്‍ക്കല്ല, ഇവിടുത്തെ രാഷ്ട്രീയത്തിനാണ്', എന്നാണ് അശോക് സ്വൈന്‍ വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത്. നാല് ലക്ഷത്തിന് മുകളില്‍ ആളുകളാണ് വീഡിയോ ഇതിനോടകം ട്വിറ്ററില്‍ കണ്ടത്. പന്ത്രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ വീഡിയോ റീ ട്വീറ്റ് ചെയ്തു.
Adjust Story Font
16