ബാബരി മസ്ജിദ് ആരും തകർത്തിട്ടില്ല എന്നു പറയുന്നതിൽ നമുക്ക് നാണമില്ലാതായി: പി ചിദംബരം
'നൂറാവര്‍ത്തി ഞാന്‍ പറയുന്നു, ബാബരി മസ്ജിദ് തകര്‍ത്തത് വലിയ തെറ്റായിരുന്നു'
ന്യൂഡൽഹി: രണ്ടു വിഭാഗവും അംഗീകരിച്ചതു കൊണ്ടാണ് അയോധ്യ ഭൂമി തർക്ക കേസിലെ സുപ്രിംകോടതി ഉത്തരവ് ശരിയായ വിധിയായതെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ബാബരി മസ്ജിദ് തകർത്തത് തെറ്റായിരുന്നുവെന്നും അതിനു പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെട്ടില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എഴുതിയ സൺറൈസ് ഓവർ അയോധ്യ-നാഷണൽ ഹുഡ് ഇൻ അവർ ടൈംസ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്ക് ശേഷം ആരും ബാബരി മസ്ജിദ് തകർത്തിട്ടില്ല എന്ന തീർപ്പിലാണ് നാമെത്തിയത്. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി. 1992 ഡിസംബർ ആറിന് സംഭവിച്ചത് ഭീതിതമായ തെറ്റായിരുന്നു. അത് നമ്മുടെ ഭരണഘടനയെ തന്നെ തരംതാഴ്ത്തി. സുപ്രിംകോടതി വിധിക്ക് ശേഷം കാര്യങ്ങൾ പ്രവചിച്ച രീതിയാണ് മുമ്പോട്ടുപോയത്. ഒരു വർഷത്തിൽ പ്രതികളെല്ലാം കുറ്റവിമുക്തരായി. ജെസികയെ ആരും കൊന്നിട്ടില്ല എന്നു പറയുംപോലെ ബാബരി മസ്ജിദ് ആരും തകർത്തിട്ടില്ല എന്നാണ് പറയുന്നത്' - ചിദംബരം പറഞ്ഞു.
'ഈ വിധിത്തീർപ്പ് ജവഹർലാൽ നെഹ്‌റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും എപിജെ അബ്ദുൽ കലാമിന്റെയും രാജ്യത്തെ എല്ലാ കാലത്തും വേട്ടയാടും. ആരും ബാബരി തകർത്തിട്ടില്ല എന്നു പറയുന്നതിൽ നമുക്ക് നാണമില്ലാതായിരിക്കുന്നു. രണ്ടു പേരും അംഗീകരിച്ചതു കൊണ്ടാണ് അയോധ്യ ഉത്തരവ് ശരിയായ വിധിയായി മാറുന്നത്. അംഗീകരിച്ചില്ല എങ്കിൽ അത് ശരിയായ വിധിയായി മാറുമായിരുന്നില്ല.' - ചിദംബരം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംസാരിച്ച മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് എൽ കെ അദ്വാനിയുടെ രഥയാത്രയെ കുറിച്ചും സവർക്കറിനെ കുറിച്ചും വിശദമായി പ്രതിപാദിച്ചു.
'1858 മുതൽ രാമജന്മഭൂമി തർക്കമുണ്ടായിരുന്നു. എന്നാൽ 1984ലെ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റു മാത്രം നേടിയതോടെയാണ് രാമ ജന്മഭൂമി വിഷയം സംഘ്പരിവാർ പ്രശ്‌നമാക്കി മാറ്റുന്നത്. അടൽ ബിഹാരി വാജ്‌പേയിയുടെ ഗാന്ധിയൻ സോഷ്യലിസം പരാജയപ്പെട്ടതോടെയാണ് അവർ ചുവടുമാറ്റിയത്. അതോടെ അവർ തീവ്ര മതമൗലിക വാദത്തിലേക്ക് തിരിഞ്ഞു. എൽ.കെ അദ്വാനിയുടെ രഥയാത്ര സമൂഹത്തെ ഒന്നിപ്പിക്കാനായിരുന്നില്ല, വിഭജിക്കാനായിരുന്നു. അദ്ദേഹം പോയിടത്തെല്ലാം വിദ്വേഷത്തിന്റെ വിത്തിട്ടു. രഥയാത്ര രാജ്യത്ത് വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിച്ചു' - സിങ് പറഞ്ഞു.
'ഹിന്ദുത്വക്ക് ഹിന്ദു മതവുമായി ബന്ധമൊന്നുമില്ല. സവർക്കർ മതഭക്തനായിരുന്നില്ല. പശുവിനെ അമ്മയായി കരുതുന്നത് എന്തിനാണ് എന്നു വരെ ഒരിക്കൽ അദ്ദേഹം ചോദിച്ചിട്ടുണ്ട്. ബീഫ് കഴിക്കുന്നതിനും അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഹിന്ദു അസ്തിത്വം സ്ഥാപിക്കാനാണ് അദ്ദേഹം ഹിന്ദുത്വ എന്ന വാക്കു കൊണ്ടുവന്നത്. എന്നാൽ അത് ജനങ്ങൾക്കിടയിൽ ആശയക്കുപ്പമുണ്ടാക്കി. ആർഎസ്എസ് അത് പ്രചരിപ്പിക്കുകയും ചെയ്തു'- സിങ് ചൂണ്ടിക്കാട്ടി.
ബാബറി മസ്ജിദ് പൊളിച്ച കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയാണ് വിചാരണക്കോടതി വെറുതെ വിട്ടത്. വേണ്ടത്ര തെളിവില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികൾക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി പറഞ്ഞിരുന്നു. പള്ളി പൊളിച്ചതിന് തെളിവായി നൽകിയ ദൃശ്യങ്ങളും കോടതി തള്ളിയിരുന്നു.
Adjust Story Font
16