ഹരിയാന ബിജെപി സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസം കൊണ്ടുവന്നാൽ കോൺഗ്രസിനെ പിന്തുണയ്ക്കും; ജെജെപി
മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെ എൻഡിഎ സർക്കാരിന്റെ ഭാവി തുലാസിലായിരിക്കുകയാണ്.
ചണ്ഡീഗഡ്: ഹരിയാനയിലെ ബിജെപി സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെജെപി. പ്രതിപക്ഷ നേതാവായ ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ജെജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ഇന്നലെ മൂന്ന് സ്വതന്ത്ര എംഎല്‍എമാർ കോണ്‍ഗ്രസിനൊപ്പം ചേർന്നതിന് പിന്നാലെയാണ് ജെജെപി നിലപാട് പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ തങ്ങളുടെ മുഴുവന്‍ എംഎല്‍എമാരും ബിജെപി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യും. പിന്തുണ സ്വീകരിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ചൗട്ടാല പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
നിയമസഭയിൽ 10 അംഗങ്ങളാണ് ജെജെപിക്ക് ഉള്ളത്. 2019ൽ ബിജെപിയുമായി ജെജെപി സഖ്യമുണ്ടാക്കിയപ്പോൾ മനോഹർ ലാൽ ഖട്ടാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത് ചൗട്ടാല.
അതേസമയം, എംഎല്‍എമാരില്‍ പലരും തങ്ങളോടൊപ്പം ഉണ്ടെന്നും ഒരു ആശങ്കയില്ലെന്നും മുൻ മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാർ അവകാശപ്പെട്ടു. എന്നാൽ സർക്കാരിന് തുടരാൻ ധാർമികമായ അവകാശമില്ലെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. മൂന്ന് സ്വതന്ത്രർ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചതോടെ മുഖ്യമന്ത്രി നയബ് സിങ് സൈനി സർക്കാരിന്റെ ഭാവി തുലാസിലായിരിക്കുകയാണ്.
ഇന്നലെയാണ് ബിജെപിയെ വെട്ടിലാക്കി മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചത്. ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോൺഗ്രസിനെ പിന്തുണക്കുന്നതായും എംഎൽഎമാർ അറിയിക്കുകയായിരുന്നു. ഇതോടെ 90 അംഗ ഹരിയാന നിയമസഭയില്‍ എൻഡിഎ സഖ്യത്തിനൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞു. 45 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ 88 ആണ് സഭയിലെ ആകെ അംഗസംഖ്യ. മൂന്ന് പേരുടെ പിന്തുണ കിട്ടിയതോടെ കോൺഗ്രസിന് 34 പേരുടെ പിന്തുണയായി. ജെജെപിയുടെ പിന്തുണ കൂടി കിട്ടിയാൽ 44 ആവും സഖ്യത്തിന്റെ അംഗസംഖ്യ. ഒരാളുടെ കൂടി പിന്തുണയുണ്ടെങ്കിൽ അധികാരത്തിലെത്താം.
Adjust Story Font
16