'നമ്മൾ അതിജീവിക്കും'- ഉറച്ച സ്വരത്തിൽ മൂന്നുവട്ടം ആവർത്തിച്ച് പ്രഖ്യാപനം; ചിന്തൻ ശിബിറിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സോണിയ
കൂലങ്കഷമായ പര്യാലോചനകളും പുനർവിചിന്തനങ്ങളും കൊണ്ട് ചൂടുപിടിച്ച ബൗദ്ധിക സംഗമത്തിന് സമാപനം കുറിച്ചു നടന്ന സോണിയയുടെ പ്രഖ്യാപനങ്ങൾ ഹൃദയത്തിലേറ്റിയാണ് പ്രതിനിധികൾ മടങ്ങിയത്
ജയ്പൂർ: പാർട്ടിയുടെ പുനരുജ്ജീവനത്തിനുള്ള ഉറച്ച തീരുമാനങ്ങളുമായാണ് ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് ചിന്തൻ ശിബിർ സമാപിച്ചത്. രാജ്യത്തിന്റെ ഹൃദയങ്ങളിലേക്ക് തിരിച്ചുപോകുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച കശ്മീർ-കന്യാകുമാരി പദയാത്രയായിരുന്നു അടിയന്തരമായി നടപ്പാക്കാനിരിക്കുന്ന കർമരേഖകളിൽ ശ്രദ്ധേയം. പാർട്ടി പദവികളിൽ യുവാക്കൾക്കും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പിക്കാനും തീരുമാനമുണ്ടായി.
എന്നാൽ, പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചിന്താ ശിബിരിന് സമാപനം കുറിച്ചുനടത്തിയ പ്രസംഗം അണികൾക്കും നേതാക്കൾക്കും ഒരുപോലെ ഊർജവും വീര്യവും പകരുന്നതായിരുന്നു. വീ വിൽ ഓവർകം(നമ്മൾ അതിജീവിക്കും) എന്ന് മൂന്നുതവണ വിളിച്ചുപറഞ്ഞായിരുന്നു സോണിയ പ്രസംഗം അവസാനിപ്പിച്ചത്. വികാരാരവങ്ങളോടെയായിരുന്നു കൂടിയിരുന്നവരെല്ലാം ആ ദൃഢനിശ്ചയത്തെ വരവേറ്റത്.
തമാശ പറഞ്ഞും ഗൗരവചിന്തകൾ പങ്കുവച്ചും
''നമ്മൾ അതിജീവിക്കും, നമ്മൾ അതിജീവിക്കും, നമ്മൾ അതിജീവിക്കും. അതാണ് നമ്മുടെ ദൃഢനിശ്ചയം. അതാണ് നമ്മുടെ സങ്കൽപം.''- ഇങ്ങനെയായിരുന്നു സോണിയ പ്രസംഗം അവസാനിപ്പിച്ചത്. കൂലങ്കഷമായ ആലോചനകളും പര്യാലോചനകളും പുനർവിചിന്തനങ്ങളും കൊണ്ട് ചൂടുപിടിച്ച ബൗദ്ധിക സംഗമത്തിന് സമാപനം കുറിച്ചു നടന്ന ആ പ്രഖ്യാപനങ്ങൾ മനസിലേറ്റിയാണ് പ്രതിനിധികൾ നാട്ടിലേക്ക് തിരിച്ചത്.
സ്വന്തം കുടുംബത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിച്ച അനുഭവമായിരുന്നു ഇതെന്ന് സോണിയ പ്രസംഗത്തിൽ മനസ് തുറന്നു. കൂട്ടായ ലക്ഷ്യങ്ങളുടെ വീര്യത്തോടെ നവോന്മേഷത്തോടെയും പുതിയ ഊർജത്തോടെയുമാകും നമ്മൾ മടങ്ങുകയെന്ന് തനിക്ക് നിസ്സംശയം പറയാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
'ഭാരത് ജോഡോ യാത്ര'(ഐക്യ ഭാരത മാർച്ച്) എന്ന പേരിൽ കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കാൻ തീരുമാനിച്ച പദയാത്രയെക്കുറിച്ച് അൽപം നർമം കലർന്നും ഗൗരവത്തോടെയുമെല്ലാമായിരുന്നു അവർ സംസാരിച്ചത്. ''നമ്മളെല്ലാവരും അതിൽ പങ്കെടുക്കും. പ്രതിസന്ധിയിലുള്ള സാമൂഹിക സൗഹാർദബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, ഭീഷണി നേരിടുന്ന നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനും, കോടിക്കണക്കിനു വരുന്ന രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ആശങ്കകളും ആവശ്യങ്ങളും ഉയർത്തിക്കാട്ടാനുമാണ് യാത്ര.''-സോണിയ സൂചിപ്പിച്ചു.
''നമ്മളെല്ലാവരും പദയാത്രയിൽ പങ്കെടുക്കും. എന്നെപ്പോലുള്ള മുതിർന്നവരെ ഇതിൽ ഉൾക്കൊള്ളാനുള്ള വഴികൾ മുതിർന്നവർ കണ്ടെത്തണം. ശ്വാസം നിലക്കാതെ യാത്രയിൽ എങ്ങനെ എളുപ്പത്തിൽ പങ്കെടുക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കണം.''- തമാശരൂപേണെ അവർ പറഞ്ഞു. സംഘടനാ വിഷയം ചർച്ച ചെയ്ത സംഘത്തിന്റെ റിപ്പോർട്ടിനെക്കുറിച്ച് പ്രത്യേകം എടുത്തുപറുകയും ചെയ്തു. ''അടിയന്തര പ്രാധാന്യമുള്ളവയാണ് അവയിൽ മിക്കതും. അതിലെ ചില ആശയങ്ങൾ 'ഉദയ്പൂർ നവസങ്കൽപ്' പ്രഖ്യാപനത്തിന്റെ ഭാഗവുമാണ്. അതിന് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുകയാണ്.'' ടീമിന്റെ വിശദമായ ശിപാർശകൾ വേഗത്തിൽ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്നതായും സോണിയ പ്രഖ്യാപിച്ചു.
ഭാരതയാത്രയും ജനതാ ദർബാറുകളും
പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്താൻ ചിന്തൻ ശിബിരിൽ തീരുമാനമായിട്ടുണ്ട്. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാകും പദയാത്ര. ഒരു വർഷം നീളുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലായിരിക്കും യാത്രയ്ക്ക് തുടക്കമാകുക. യാത്രയുടെ ഭാഗമായി ജനതാ ദർബാറുകളും സംഘടിപ്പിക്കും.
സുസ്ഥിര പ്രക്ഷോഭ സമിതി അധ്യക്ഷൻ ദിഗ്വിജയ് സിങ് യോഗത്തിൽ വിഷയത്തെക്കുറിച്ച് വിശദമായ അവതരണം നടത്തി. സുദീർഘ ചർച്ചയും നടന്നു. കോൺഗ്രസ് യൂത്ത് കമ്മിറ്റിയും സമാന നിർദേശം മുന്നോട്ടുവച്ചിരുന്നു.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ നിർദേശങ്ങളാണ് ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്നത്. 65 വയസ്സ് പിന്നിട്ട നേതാക്കൾ പദവികളൊഴിഞ്ഞ് ഉപദേശക റോളിലേക്കു മാറണമെന്നതാണ് പ്രധാന നിർദേശം. ഇതുസംബന്ധിച്ച ശിപാർശ യുവജനകാര്യ പ്രമേയത്തിലുൾപ്പെടുത്തി. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന പ്രവർത്തക സമിതി ഇതിന് അംഗീകാരം നൽകിയാൽ സംഘടനാ തലപ്പത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.
പദവികളിൽ വർഷങ്ങളോളം തുടരുന്ന നേതാക്കൾ യുവാക്കൾക്കു വഴിമാറിക്കൊടുക്കണമെന്നും ആവശ്യമുയർന്നു. രാഹുൽ ഗാന്ധിയുടെ ആശീർവാദത്തോടെയാണ് ആവശ്യം യുവാക്കൾ മുന്നോട്ടുവച്ചതെന്നാണു സൂചന. യുവാക്കൾക്കു മുൻഗണന നൽകുന്നുവെന്ന വ്യക്തമായ സന്ദേശം നൽകിയാണു മുതിർന്നവരിൽ പലരെയും ശിബിരത്തിലേക്കു ക്ഷണിക്കാതിരുന്നത്. പങ്കെടുക്കുന്ന പ്രതിനിധികളിൽ പകുതിയോളം പേർ 50 വയസ്സിൽ താഴെയുള്ളവരാണ്.
ന്യൂനപക്ഷ-പിന്നാക്ക പ്രാതിനിധ്യം
സംഘടനാ ഭാരവാഹിത്വത്തിലും മറ്റ് പദവികളിലും പകുതി 50 വയസിൽ താഴെയുള്ളവർക്ക് നീക്കിവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കേരള മാതൃകയിൽ ദേശീയതലത്തിൽ രാഷ്ട്രീയകാര്യ ഉപദേശക സമിതി രൂപീകരിക്കും. ഒരാൾക്ക് ഒരു പദവി മാത്രമാകും ഇനി വഹിക്കാനാവുക. ഐക്യത്തിന് ആഹ്വാനം ചെയ്ത് എല്ലാ വർഷവും ഭാരത് ജോഡോ യാത്ര നടത്തും. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പാർട്ടി പദവികളിൽ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും ചിന്തൻ ശിബിർ പ്രഖ്യാപിച്ചു.
ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെടാതെ, നേരത്തെ നടത്തിയ സെൻസസ് പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മാത്രം പ്രഖ്യാപിച്ചു. പാർലമെൻററി ബോർഡ് രൂപീകരിക്കാതെ, പ്രവർത്തക സമിതിക്ക് രാഷ്ട്രീയകാര്യ ഉപദേശക സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കി.
ഒരു കുടുംബത്തിലെ രണ്ടാമത്തെ വ്യക്തിക്ക് സ്ഥാനാർഥിത്വം ലഭിക്കണമെങ്കിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടാകണം. എല്ലാ വർഷവും ഓഗസ്റ്റ് ഒൻപതു മുതൽ 15 വരെ പദയാത്ര സംഘടിപ്പിക്കും.
കോൺഗ്രസിൻറെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ദേശീയതലത്തിൽ ഇൻസ്റ്റിറ്റൂട്ട് സ്ഥാപിക്കും. ആദ്യത്തേത് കേരളത്തിലായിരിക്കും. കാര്യക്ഷമത മാത്രമായിരിക്കും സ്ഥാനക്കയറ്റത്തിനും ഇറക്കത്തിനും മാനദണ്ഡമെന്നും ഉദയ്പൂർ പ്രഖ്യാപനത്തിൽ അടിവരയിടുന്നു.
Summary: "We'll Overcome" Sonia Gandhi declares thrice At Congress Chintan Shivir at Udaipur, Rajasthan
Adjust Story Font
16